Thursday, September 16, 2010

മേരിക്കൂട്ടത്തിലെ ആണ്മേരിമാര്‍

ഈയടുത്ത ഒരു ദിവസത്തെ മനോരമ പത്രത്തില്‍ ഫോട്ടോയോടൊപ്പം ഒരു കൌതുക വാര്‍ത്ത വന്നിരുന്നു. കേരളത്തില്‍ കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു പള്ളിയാണ് രംഗം. "കുറവിലങ്ങാട്‌ പള്ളിയില്‍ വിമ്സയമായി മേരിക്കൂട്ടം" എന്നാണു വാര്‍ത്തയുടെ തലക്കെട്ട്‌. വിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളായ സെപ്തംബര്‍ 8 -നു കുറവിലങ്ങാട്ടു പള്ളിക്ക് മുന്‍പില്‍ കൂടിയ ഒരു വലിയ ജനക്കൂട്ടം ആയിരുന്നു ചിത്രത്തില്‍. കുറവിലങ്ങാട്ടും പരിസരത്തു ഉള്ള മേരീനാമധാരികളുടെ മാത്രമായി ഒരു കൂട്ടം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു ആ ആള്‍ക്കൂട്ടവും വാര്‍ത്തയും. "മേരിക്കൂട്ടത്തില്‍" ഇടം കിട്ടാന്‍ പേര് മേരിയോ അതിന്റെ ഏതെങ്കിലും പര്യായനാമമോ ആയാല്‍ മതി. ആകെ 1321 മേരിമാര്‍ അവിടെ കൂടിയെന്ന് ചിത്രത്തോടൊപ്പം ഉള്ള വാര്‍ത്തയില്‍ പറയുന്നു.

മേരിമാര്‍ സ്വാഭാവികമായും പെണ്ണുങ്ങള്‍ ആയിരിക്കണമല്ലോ. എന്നാല്‍ വാര്‍ത്തയോടോപ്പമുള്ള പടം കണ്ട ഞാന്‍ അന്തം വിട്ടുപോയി! അതിന്റെ ഏറ്റവും മുന്‍പിലായി അഞ്ച് ആണ്‍പിറന്നവന്മാര്‍ നില്‍ക്കുന്നു. മേരിദാസന്‍ എന്നോ, മേരീപുത്രന്‍ എന്നോ ഒക്കെ പേരുള്ള പുരുഷന്മാര്‍ ആയിരിക്കുമെന്ന് ആദ്യം കരുതി. പിന്നെയാണ്, പെണ്‍കൂട്ടത്തില്‍ കടന്നുപറ്റിയ ആ പഞ്ചപാണ്ഡവന്മാര്‍ എല്ലാവരും ളോഹ ധരിച്ച പുരോഹിതന്മാര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

പുരോഹിതര്‍ ആണെങ്കിലും മേരിക്കൂട്ടത്തില്‍ ഇടം കിട്ടാന്‍ അവരും മേരിമാര്‍ ആയിരിക്കണമല്ലോ. അവരുടെ പേരുകള്‍ സങ്കല്പിക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി: റെവറന്റ് ഫാദര്‍ മറിയാമ്മ, ഫാദര്‍ കുഞ്ഞുമേരി, ഫാദര്‍ മറിയക്കുട്ടി, ഫാദര്‍ മേരിമ്മ, ഫാദര്‍ ഉണ്ണിമേരി എന്നിവരായിരിക്കണം ആ ളോഹമേരിമാര്‍. അഞ്ചു ആണ്‍മേരിമാരില്‍ നടുക്ക് നില്‍ക്കുന്ന മേരി, തമിഴ് രാഷ്ട്രീയക്കാരുടെ മട്ടില്‍ കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ടെന്നതും ഞാന്‍ ശ്രദ്ധിച്ചു.

കേരള കത്തോലിക്കാസഭയുടെ തീരാശാപങ്ങളായ പുരോഹിത സര്‍വ്വാധിപത്യത്തിന്റെയും പുരുഷ വാഴ്ചയുടെയും അനിഷേധ്യസാക്ഷ്യം എന്ന നിലക്ക്, വിലപ്പെട്ട ചരിത്രരേഖയാണ് ഈ ചിത്രം.

2 comments:

simy nazareth said...

:-) എന്തു പറയാൻ..

achayatharangal said...

പന്തിയില്‍ പക്ഷഭേദം പാടില്ല എന്നാണല്ലോ നമ്മള്‍ പഠിച്ചിട്ടുള്ളത്. ഒരു മാതിരിപ്പെട്ട കുടുംബങ്ങളിലും ഒരു വിരുന്നു, പന്തിയില്‍ നടക്കുമ്പോള്‍ പട്ടക്കാരനു സദ്യ വീടിനകത്ത്‌ ആയിരിക്കും. ചിലപ്പോള്‍ ഒന്ന് രണ്ട് അധിക വിഭവങ്ങളും കാണും. പള്ളിയില്‍ അച്ചന് മാത്രമെന്തിനാണ് മുട്ട് കുത്താന്‍ ഒരു kneeler. രാജകീയ പൌരോഹിത്യം...


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.