Sunday, September 12, 2010

ഇടയലേഖനസ്തുതി

കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ഇടയലേഖനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനു മറുപടി പറഞ്ഞു കൊണ്ട് ഒരു കത്തോലിക്കാപുരോഹിതന്‍ ഒരു ബ്ലോഗില്‍ ഇട്ട പോസ്റ്റിലെ "ഇടയലേഖനസ്തുതി"-യുടെ മാതൃക:-

"ഇടയലേഖനങ്ങൾ ശബ്ദിക്കുന്ന സംസ്കാരമാണ്‌. പ്രചോദിപ്പിക്കുന്ന വിശ്വാസമാണ്‌. പ്രതികരിക്കുന്ന സാമൂഹികപ്രതിബദ്ധതയാണ്‌. ധ്യാനാത്മകചിന്തയുടെ പിൻതുടർച്ചയാണ്‌, നിക്ഷേപമാണ്‌."

അദ്ദേഹത്തിന്റെ ഭാഷയില്‍ എഴുതാല്‍ ഞാന്‍ നടത്തിയ ഒരു എളിയ ശ്രമമാണ് താഴെ. ബൈബിളിലെ ഉത്തമഗീതത്തോടും കേരളത്തിലെ ഒരു കത്തോലിക്കാ മേത്രാന്റെതായി അതെ ബ്ലോഗില്‍ വരാറുള്ള ലേഖനങ്ങളിലെ ചില സ്ഥിരം പ്രയോഗങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു:-

ഇടയലേഖനങ്ങള്‍ പരിശുദ്ധിയുടെ സ്ഫുലിംഗങ്ങളാണ്; പരിശുദ്ധാരൂപിയുടെ അഗ്നിനാവുകളാണ്; വിശുദ്ധപ്രേമത്തിന്റെ തിരുവചസ്സുകളാണ്; ലോകത്തിന്റെ ഹൃദയസ്പന്ദനമാണ്; സമൂഹത്തിന്റെ ജീവശ്വാസമാണ്; കുളിരേകുന്ന മംഗലവാര്‍ത്തയാണ്; കുരിശിന്റെ കിരീടമാണ്; കറയില്ലാത്ത ചെമ്മരിയാടുകളാണ്; ഫറവോന്റെ രഥം വലിക്കുന്ന പെണ്‍കുതിരകളാണ്; ഗിലയാദ് മലഞ്ചെരുവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റങ്ങളാണ്; ലെബാനോനിലെ ദേവതാരുക്കളാണ്; വീഞ്ഞിനേക്കാള്‍ മധുരതരമാണ്; ജീവവൃക്ഷത്തിന്റെ ഫലങ്ങളാണ്; ദൈവിക രഹസ്യം നിറഞ്ഞ റോസാപ്പൂക്കളാണ്; സാംസന്റെ തേന്‍കൂടാണ്; സ്നേഹത്തിന്റെ കടുകുമണികളാണ്; ദാവീദിന്റെ കോട്ടയാണ്; ഊര്‍ജ്ജനക്ഷത്രങ്ങളാണ്; രാസത്വരകങ്ങളാണ്; ജൈവഉരഗങ്ങളാണ്; ജ്യോതിര്‍ഗോളങ്ങളാണ് രോഗികള്‍ക്ക് ഔഷധമാണ്; വായുഗുളികകളാണ്; മായംചേരാത്ത ദശമൂലാരിഷ്ടമാണ്; പാപികള്‍ക്ക് കുമ്പസാരമാണ്; ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് തണുപ്പേകുന്ന വിശുദ്ധ ഒപ്പീസാണ്; വിശുദ്ധന്മാര്‍ക്ക് നിത്യസമ്മാനത്തിലേക്കുള്ള കവാടമാണ്.

2 comments:

Admin [www.nazraniforum.co.cc] said...

സാറേ ജോര്‍ജ്ജേ,

ഇങ്ങനെയൊക്കെ പറഞ്ഞു സ്വന്തം മാസപ്പടി മുടക്കുന്നതെന്തിനാ?

ഇടയലേഖനങ്ങള്‍ സാമ്രാജ്യത്വ കുതന്ത്രങ്ങളാണ്,

കുത്തക-മുതലാളിത്ത ഗൂഡാലോചനയാണ്,

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം കണ്ട് ഉറക്കം നഷ്ടപ്പെട്ട സി.ഐ.എ.യുടെ അവസാനത്തെ പിടിവള്ളിയാണ്,

അമേരിക്ക-കാഞ്ഞിരപ്പള്ളി അച്ചുതണ്ടിന്റെ ആഗോള കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണ പരിപാടിയുടെ കേരളഘടകമാണ്,

ലോകത്തിലെ ഒരേയൊരു 'പുരോഗമന' പ്രസ്ഥാനവും ഭാവിതലമുറയെ പടിഞ്ഞാറന്‍ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കുവാനിരിക്കുന്നവരുമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലേയ്ക്ക്‌ ബഹുജനം ഓടിയടുക്കുന്നത് കണ്ട് ഭയപ്പെടുന്ന മെത്രാന്‍മാരുടെ പുതിയ തന്ത്രമാണ്..


എന്നൊക്കെ വേണ്ടേ പറയാന്‍? അല്ലെങ്കില്‍ പിന്നെ കെ. എസ്. മനോജിന്റെ അവസ്ഥയാകും...

Georgekutty said...

എനിക്ക് കിട്ടുന്ന മാസപ്പടിയുടെ കാര്യം പറഞ്ഞാണല്ലോ കമന്റിന്റെ തുടക്കം. തല്‍ക്കാലം അതിനു മാത്രം മറുപടി പറയുന്നു:

ഭാഗ്യത്തിന് എനിക്ക് മാസപ്പടി മുടങ്ങാതെ കിട്ടുന്നുണ്ട്‌. ഇദ്ദേഹം മാസപ്പടി വാങ്ങുന്നെന്ന് ഏതായാലും ഞാന്‍ പറയില്ല. ഇതുപോലെയൊക്കെ എഴുതുന്ന ആള്‍ക്ക് മാസപ്പടി കൊടുത്താല്‍ കാശ് പോക്കാനെന്ന തിരിച്ചറിവ് ആര്‍ക്കും ഉണ്ടാകും.


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.