Thursday, December 31, 2009

പള്ളി അശുദ്ധമാക്കുന്ന മെത്രാന്മാര്‍

എന്റെ നാടായ വൈക്കത്തിനടുത്തുള്ള വടയാര്‍ എന്ന സ്ഥലത്തെ പുരാതന ക്രിസ്തീയ ദേവാലയത്തിന്റെ(Infant Jesus Church, Vadayar) ചരിത്രം അന്വേഷിക്കുകയായിരുന്നു ഞാന്‍. ഒരു ഗൂഗിള്‍ തെരയല്‍ എന്നെ പള്ളിയുടെ വെബ്സൈറ്റില്‍ എത്തിച്ചു. 600 വര്‍ഷം പഴക്കമുള്ള ഈ പള്ളിയുടെ പഴയ ചരിത്രമൊന്നും വെബ്സൈറ്റുണ്ടാക്കിയവര്‍ക്ക് നിശ്ചയമില്ല. പതിനെട്ടാം നൂറ്റാണ്ടിനൊടുവില്‍, ടിപ്പു സുല്‍ത്താന്റെ കേരളത്തിലെ പടയോട്ടക്കാലത്ത്, സുറിയാനി കത്തോലിക്കരുടെ ഗോവര്‍ണ്ണദോരായിരുന്ന പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ രാമപുരത്തുനിന്ന് ഇവിടെ വന്നു താമസിച്ചിരുന്നു. അതുമൊന്നും വെബ്സൈറ്റിലുള്ള ചരിത്രത്തിലില്ല. വേണ്ട കാര്യം ചേര്‍ക്കാത്തതു പോകട്ടെ, അപഹാസ്യമായ അബദ്ധങ്ങള്‍ ഒഴിവാക്കുകയെങ്കിലും വേണ്ടേ? വെബ്സൈറ്റനുസരിച്ച് പള്ളിയുടെ ചരിത്രം തുടങ്ങുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ഒരു വാക്യം ഇതാണ്:

"When the work was completed, the church and its Main Altar were "desecrated" by Bishop, Mar Agasthinos Kandathil on 31st December 1932. Next day he himself offered the first Holy Mass in the new altar."

"Desecrated" എന്ന ഇംഗ്ലീഷ് വാക്കിന് മലിനപ്പെടുത്തുക, അശുദ്ധമാക്കുക എന്നൊകെയാണര്‍ത്ഥം. "Consecrated"ന് പകരം ഉപയോഗിച്ചതാണെന്ന് കരുതണം.

പുതിയ പള്ളിയും അള്‍ത്താരയും മാത്രമല്ല അശുദ്ധമാക്കപ്പെട്ടത്. 1956 ഡിസംബര്‍ 28-ന്, പുതുതായി നിര്‍മ്മിച്ച പത്താം പീയൂസിന്റെ നാമത്തിലുള്ള കപ്പേള അശുദ്ധമാക്കപ്പെട്ടെന്നും, 1980 മേയ് 15-ന് ഇടവക വികാരിയുടെ താമസസ്ഥലം(parsonage), അലക്സാണ്ടര്‍ തെക്കേപ്പറശ്ശേരി എന്ന വൈദികന്‍ അശുദ്ധമാക്കിയെന്നും ഒക്കെ തട്ടിവിട്ടിട്ടുണ്ട്. ഈ അബദ്ധത്തിന്റെ കാര്യം ഞാന്‍ വടയാറ്റുപള്ളിവികാരിയെ ഫോണ്‍ ചെയ്തറിയിച്ചു. കുറ്റം പള്ളിയുടേതല്ല, വെബ്സൈറ്റ് സൂക്ഷിക്കുന്ന സിറോമലബാര്‍ സഭയുടേതാണെന്ന് അദ്ദേഹം പറഞ്ഞു. വെബ്സൈറ്റില്‍, അതിന്റെ പകര്‍പ്പവകാശം സിറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന് ഉള്ളതാണെന്ന് പറഞ്ഞിട്ടുമുണ്ട്.

ഞങ്ങളുടെ നാട്ടിലെ മറ്റൊരു പുരാതന ദേവാലയം കുടവെച്ചൂരാണ്.(St. Mary's Church, Kudavechoor) ആ ദേവാലയത്തേയും സിറോമലബാര്‍ സഭയുടെ വെബ്സൈറ്റ് വീരന്മാര്‍ ആക്രമിച്ച് അശുദ്ധമാക്കിയിട്ടുണ്ട്. പുതുക്കിപ്പണിത ആ പുരാതന ദേവാലയം 2005 ഡിസംബര്‍ 18-ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ അശുദ്ധമാക്കിയെന്ന്
ആ പള്ളിയുടെ വെബ്സൈറ്റില്‍ നിന്ന് നമുക്ക് അറിയാനാകുന്നു.

ഈ അബദ്ധത്തിന് പിന്നില്‍ ഇംഗ്ലീഷ് ഭാഷ അറിയായ്ക മാത്രമാണോ? ഉള്ളിലിരുപ്പ് മന:പൂര്‍വമല്ലാതെ പറഞ്ഞുപോകുന്ന ഫ്രോയിഡിയന്‍ സ്ലിപ്പും ആകാം ആത്.

1 comment:

MOO said...

ചൂണ്ടിക്കാണിച്ചതിനു നന്ദി. എത്രെയും പെട്ടെന്ന് ഇത് മാട്ടണ്ടാതാണ്.


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.