Tuesday, February 2, 2010

ആറാം പ്രമാണവും നൈജീരിയാക്കാരും

ഇക്കഴിഞ്ഞ ഞായറാഴ്ച(2010 ജനുവരി 31) ഡെല്‍ഹിയിലെ ഒരു പള്ളിയില്‍ കുര്‍ബ്ബാനയില്‍ സംബന്ധിച്ചപ്പോള്‍ തോന്നിയ ചിന്തകളാണ് ഇവിടെ കുറിക്കുന്നത്. മലയാളിയായ ഒരു യുവപുരോഹിതനായിരുന്നു കാര്‍മ്മികന്‍: പള്ളിയിലെ അസിസ്റ്റന്റ് വികാരി.


പതിവു പോലെ മൂന്നു ബൈബിള്‍ ഭാഗങ്ങളാണ് ഈ കുര്‍ബ്ബാനയിലും വായിച്ചത്. ആദ്യവായന പഴയനിയമത്തിലെ ജെറമിയായുടെ പുസ്തകം ഒന്നാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ നിന്നായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച കാലഘട്ടങ്ങളിലൊന്നില്‍ ജീവിച്ചിരുന്ന ജെറമിയായ്ക്ക് കരയുന്ന പ്രവാചകന്‍ എന്നും പേരുണ്ട്. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പു തന്നെ പ്രവാചകനെ അദ്ദേഹത്തിന്റെ ദൗത്യത്തിനായി താന്‍ തെരഞ്ഞെടുത്തിരുന്നുവെന്ന് യഹോവ പറയുന്നതും മറ്റുമാണ് ആ ആദ്യവായനയില്‍.


രണ്ടാമത്തെ വായന, പൗലോസ് അപ്പൊസ്തോലന്‍ കൊറീന്തിയര്‍ക്കെഴുതിയ ഒന്നാം ലേഖനം പതിമൂന്നാമദ്ധ്യായത്തില്‍ നിന്ന്. സ്നേഹത്തെക്കുറിച്ച് ഇത്ര ഹൃദയസ്പര്‍ശിയായൊരു രചന വിശ്വസാഹിത്യത്തില്‍‍ തന്നെ വിരളമായേ കാണൂ. ബൈബിളിലെ ഏറ്റവും സുന്ദരമായ കവിതകളിലൊന്നെന്ന്, ഈ ലേഖനഭാഗത്തെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ വിശേഷിപ്പിച്ചതും കഴിഞ്ഞ ഞായറാഴ്ച തന്നെയായിരുന്നു. എല്ലാ ഞായറാഴ്ചയും പതിവുള്ള പോലെ, പത്രോസിന്റെ ഭദ്രാസനപ്പള്ളിയുടെ അങ്കണത്തില്‍ നിന്ന് വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റെന്തൊക്കെ മഹത്വമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒരാള്‍, "മുഴങ്ങുന്ന ചെമ്പോ, ചിലമ്പുന്ന കൈത്താളമോ" മാത്രമേ ആയിര്‍ക്കൂ എന്നും മറ്റുമുള്ള അതിലെ വരികള്‍ പ്രസിദ്ധമാണ്. ആദ്യത്തെ രണ്ടു വായനകള്‍ കുര്‍ബ്ബാന ചൊല്ലുന്ന പുരോഹിതനല്ലാതെ മറ്റാരെങ്കിലുമാണ് വായിക്കേണ്ടത്.


മൂന്നാമത്തേത് സുവിശേഷവായനയനാണ്. അത് വായിക്കേണ്ടത് പുരോഹിതനാണ്. ഈ ഞായറാഴ്ചയിലെ വായന ലൂക്കായുടെ സുവിശേഷം നാലാമദ്ധ്യായത്തിന്റെ അവസാന ഭാഗമായിരുന്നു. യേശു സ്വന്തം സ്വന്തം ഗ്രാമമായ നസറത്തിലെത്തിയപ്പോള്‍ അവിടത്തെ ജനങ്ങള്‍ അദ്ദേഹം ഏതെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുന്നതു കാണാന്‍ ആഗ്രഹിച്ചെന്നും അതുണ്ടാകാഞ്ഞപ്പോള്‍, അദ്ദേഹത്തെ തിരസ്കരിച്ചെന്നും മറ്റുമാണ് ആ വായനയില്‍.


മൂന്നു വായനകളും കഴിഞ്ഞാല്‍ പിന്നെ പുരോഹിതന്റെ പ്രസംഗമാണ്. പ്രസംഗം വായനകളിലെ ആശയവുമായി ബന്ധപ്പെട്ടാണ് വേണ്ടത്. ഇത്തിരിയെങ്കിലും വിവര‍മുള്ള ഒരു പുരോഹിതന് ഏറെ പെരുമാറാന്‍ മാത്രം കഴമ്പുള്ള വായനകളായിരുന്നു മൂന്നും. എന്നാല്‍ ഇവിടെ പുരോഹിതന്‍ ചെയ്തത് എന്നെ ഞെട്ടിച്ചു. ആദ്യത്തെ രണ്ടു വായനകളും അദ്ദേഹം കേട്ടില്ലെന്നു നടിച്ചു. താന്‍ വായിച്ച സുവിശേഷത്തിന്റെ വിശദീകരണം അദ്ദേഹം തുടങ്ങിയതാകട്ടെ, വംശീയ മുന്‍വിധി നിറഞ്ഞ ഒരു "മിഷനറി ഫലിതം" എവിടെ നിന്നോ കിട്ടിയത് ആവര്‍ത്തിച്ചു കൊണ്ടാണ്. കഥയിതാണ്:


ആഫ്രിക്കയില്‍ നൈജീരിയയിലെ ഒരു നാട്ടുകാരന്‍ പുരോഹിതന്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ സ്വന്തം ഗ്രാമം സന്ദര്‍ശിച്ചു. ഗ്രാമവാസികള്‍, ക്രിസ്ത്യാനികളും അല്ലാത്തവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ച് അനുമോദിച്ചു. തുടര്‍ന്ന് അവര്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ ഒരാവശ്യം വച്ചു: ദൈവവുമായി ഏറെ അടുപ്പമുള്ള പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം ദൈവത്തിന്റെ പക്കലുള്ള സ്വാധീനം ഉപയോഗിച്ച്, പത്തു ദൈവകല്പനകളില്‍ ഒന്ന് ക്യാന്‍സല്‍ ചെയ്യിച്ചു തരണം. "നീ വ്യഭിചാരം ചെയ്യരുത്" എന്ന ആറാം പ്രമാണമാണ് അവര്‍ക്ക് മാറ്റിക്കിട്ടേണ്ടിയിരുന്നത്. ആ ആവശ്യം അംഗീകരിച്ചുകിട്ടിയാല്‍, ഗ്രാമം മുഴുവന്‍ ക്രിസ്തുമതം സ്വീകരിച്ചുകൊള്ളാം എന്ന ഉറപ്പും അവര്‍ മെത്രാന് കൊടുത്തത്രെ!


നൈജീരിയക്കാരെല്ലാം വ്യഭിചാരികളാണ് എന്നാണല്ലോ ഈ "ഫലിത"-ത്തിലെ സൂചന. ഇതര ജനവിഭാഗങ്ങളെ അവരുടെ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കുകയെന്നതാണ് സഹിഷ്ണുത. ക്രിസ്തുമതം എത്തിച്ചുകൊടുത്ത തരം ലൈംഗിക സ്ന്മാര്‍ഗ്ഗികത ആഫ്രിക്കയിലുള്ളവര്‍ക്ക് അജ്ഞമായിരുന്നിരിക്കാം. എന്നാല്‍ അവര്‍ക്ക് അവരുടേതായ സാന്മാര്ഗികത ഉണ്ടായിരുന്നു. അതിനെ നശിപ്പിച്ച് ആഫ്രിക്കയുടെ സാമൂഹ്യക്രമത്തെ കുട്ടിച്ചോറാക്കിയത്, മിഷനറിമാരും അധിനിവേശവുമായെത്തിയ വെള്ളക്കാരുമാണ്. മിഷനറിമാര്‍ ആഫ്രിക്കയോട് എന്തു ചെയ്തുവെന്നറിയാന്‍ ചിനു ആച്ചെബേയുടെ "തിങ്ങസ് ഫാള്‍ അപ്പാര്‍ട്ട്"(Things Fall Apart)എന്ന നോവല്‍ വായിക്കുകയേ വേണ്ടു. ഈ "ഫലിതം" എവിടെപ്പറഞ്ഞാലും മൂന്നാം തരമാണ്. എന്നാല്‍, അശയഗാംഭീര്യം നിറഞ്ഞ മൂന്നു ബൈബിള്‍ വായനകളെ തുടര്‍ന്നുള്ള ഒരു പള്ളിപ്രസംഗത്തില്‍ അത് അശ്ലീലവും ദൈവനിന്ദയുമാണ്. ഈ കുര്‍ബ്ബാനയില്‍ ഏതാനും ആഫ്രിക്കക്കാരും സംബന്ധിച്ചിരുന്നു. ഞങ്ങളെ എല്ലാ ഞായറാഴ്ചകളിലും അഭിവാദ്യം ചെയ്യാറുള്ള ഒരു ആഫ്രിക്കന്‍ സ്ത്രീയും അവരില്‍ ഒരാളായിരുന്നു. അവര്‍ നൈജീരിയാക്കാരി തന്നെ ആയിരിക്കാനും മതി.

ഇന്ന് കത്തോലിക്കാ സഭ നിലനിന്നുപോകുന്നത് ഏഷ്യയിലും ആഫ്രിക്കയിലും ലത്തീന്‍ അമേരിക്കയിലും ഒക്കെ വിശ്വാസികള്‍ ഉള്ളതുകൊണ്ടാണ്. യൂറോപ്പ് ക്രിസ്തുമതത്തെ എന്നേ തള്ളിപ്പറഞ്ഞു. ഫ്രാന്‍സിലെ കത്തോലിക്കരില്‍ മൂന്നു ശതമാനം മാത്രമാണ് ഞായറാഴ്ച കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതെന്ന് ഈയിടെ വായിച്ചതോര്‍ക്കുന്നു.

കത്തോലിക്കാ പൗരോഹിത്യത്തില്‍ നിരക്ഷരത ഏറുന്നു എന്ന എന്റെ വിശ്വാസം ഈ പ്രസംഗം കേട്ടതോടെ ഒന്നുകൂടി ബലപ്പെട്ടു.

No comments:


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.