കത്തോലിക്കാ സഭയിലെ ഭക്ത്യഭ്യാസങ്ങളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒന്നാണ് "കുരിശിന്റെ വഴി"(Way of the Cross). ഈസ്റ്ററിനു മുന്‍പുള്ള ഒരുക്കത്തിന്റെ അമ്പതുനോയമ്പ്(Lent) കാലത്താണ് അത് സാധാരണ പള്ളികളിലും, ചിലപ്പോഴൊക്കെ വീടുകളിലും അനുഷ്ടിക്കപ്പെടുന്നത്. മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തിനു പരിഹാരം ചെയ്യാനായി യേശു കടന്നു പോയ പീഡാനുഭവത്തിന്റെ വഴിയിലൂടെ പശ്ചാത്താപപൂര്‍വ്വം കടന്നുപോവുകയാണ് ഇതില്‍ പങ്കെടുക്കുമ്പോള്‍ വിശ്വാസികള്‍ ചെയ്യന്നത്.
സാധാരണയായി കുരിശിന്റെവഴിയില്‍ പതിനാലു "സ്ഥലങ്ങള്‍"(Stations) ആണുള്ളത്. യേശുവിനെ മരണത്തിനു വിധിക്കുന്നതും, മുള്‍മുടി ധരിപ്പിക്കുന്നതും ചാട്ടവാറിനടിക്കുന്നതും കുരിശു ചുമപ്പിക്കുന്നതും യേശു കുരിശുമായി പലവട്ടം വീഴുന്നതും മറ്റും ഈ "സ്ഥലങ്ങളില്‍" ചിലതാണ്. വഴിക്ക് യേശു അമ്മയുമായി കണ്ടുമുട്ടുന്നതും മനുഷ്യപുത്രന്റെ മുഖം ഭക്തയായ വെറോനിക്ക തൂവാല കൊണ്ടു തുടയ്ക്കുന്നതും പോലുള്ള നാടകീയ രംഗങ്ങളാണ് മറ്റു ചില സ്ഥലങ്ങളില്‍. ഈ സ്ഥലങ്ങളുടെ പതിനാലു ചിത്രങ്ങള്‍ എല്ലാ കത്തോലിക്കാ പള്ളികളുടെയും ഭിത്തിയില്‍ കാണാന്‍ കഴിയും. ഓരോ സ്ഥലവും വരുമ്പോള്‍ വിശ്വാസികള്‍ അതുമായി ബന്ധപ്പെട്ട ചിത്രത്തിനടുത്തേക്ക് നീങ്ങി അവിടെ മുട്ടുകുത്തി ധ്യാനവും പ്രാര്‍ഥനയും നടത്തുകയാണ് വേണ്ടത്. (മലയാളത്തില്‍ കുരിശിന്റെ വഴിക്കായി ആബേലച്ചന്‍ അടക്കം പലരും എഴുതിയ ഹൃദയദ്രവീകരണ ശക്തിയുള്ള ഗാനങ്ങള്‍ ഉണ്ട്. കേരളത്തിലെ മിക്കവാറും കത്തോലിക്കര്‍ക്ക് ആ പാട്ടുകള്‍ കാണാതെ അറിയാം.)
നോയമ്പ് കാലത്ത് തന്നെ, വെള്ളിയാഴ്ചകളില്‍ ആണ് കുരിശിന്റെ വഴി പ്രധാനമായും നടത്തപ്പെടുന്നത്. ഈ ദുഖവെള്ളിയാഴ്ച(2 ഏപ്രില്‍, 2010) ഡല്‍ഹിയിലെ എന്റെ ഇടവകപ്പള്ളിയില്‍ കുരിശിന്റെ വഴിക്ക് പകരം അവതരിപ്പിച്ചത് ദൈവനിന്ദയെന്നു വിശേഷിപ്പിക്കാവുന്ന ഒരു പ്രഹസനം ആയിരുന്നു. ഉപവാസനിരതരായിരുന്ന വിശ്വാസികള്‍ വൈകിട്ട് നാല് മണിക്ക് കുരിശിന്റെ വഴിക്കായി എത്തിയപ്പോള്‍, പള്ളിയുടെ നടുക്കൊരിടത്ത് ഒരു മേശയും കസേരയും ഇട്ടിരിക്കുന്നതും മേശയില്‍ വച്ചിരുന്ന ലാപ്ടോപ്പില്‍ പള്ളിയിലെ അസിസ്റ്റന്റ് വികാരി എന്തൊക്കെയോ നോക്കിയിരിക്കുന്നതും കണ്ടു. കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ പള്ളിയുടെ ഒരു വശത്തെ ഭിത്തിയില്‍ തുണി കൊണ്ടുള്ള ഒരു സ്ക്രീനും കാണാന്‍ കഴിഞ്ഞു. കുരിശിന്റെ വഴിയില്‍ മുട്ടുകുത്തുകയോ, ഓരോ സ്ഥലത്തേക്കും നടന്നു നീങ്ങുകയോ ഒന്നും വേണ്ടെന്നും, സ്ക്രീനിലേക്ക് നോക്കി ഇരുന്നാല്‍ മതിയെന്നും വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം കിട്ടി. ദോഷം പറയരുതല്ലോ, എല്ലാം വളരെ "ഹൈടെക്ക്" ആയിരുന്നു. ഓരോ സ്ഥലത്തിന്റെയും വിഷയം സ്ക്രീനില്‍ എഴുതിക്കാട്ടും; അതുമായി ബന്ധപ്പെട്ട ചിത്രം കാട്ടും; അവിടെ പാടേണ്ട പാട്ടും ചൊല്ലേണ്ട പ്രാര്‍ഥനയും സ്ക്രീനില്‍ എഴുതിക്കാട്ടും.
എന്നാല്‍ അതൊന്നും അല്ലായിരുന്നു ചടങ്ങിന്റെ പ്രധാന ഭാഗം. ഓരോ സ്ഥലത്തിലും, പ്രാര്ത്ഥനക്കു മുന്‍പ് ഒരു ഫിലിം കാണിക്കുന്നുണ്ടായിരുന്നു. സുന്ദരന്മാരും സുന്ദരികളുമായ കുറെ സായിപ്പന്മാരുടേയും മദാമ്മമാരുടേയും അഭിനയത്തില്‍, മനുഷ്യപുത്രന്റെ പീഡാനുഭവത്തെ ഒരു ഹൊറര്‍ ചിത്രമാക്കി മാറ്റിയിരുന്ന ആ ഫിലിം എതാണെന്ന് ആദ്യം അത്ഭ്തപ്പെട്ടെങ്കിലും മെല്‍ ഗിബ്സന്റെ "ദ പാഷന്‍ ഓഫ് ക്രൈസ്റ്റ്"(The Passion of Christ) ആണെന്ന് താമസിയാതെ മനസ്സിലായി. കുരിശിന്റെ വഴിയുടെ പേരില്‍ നടക്കുന്ന ഈ ദൈവദൂഷണത്തില്‍ പങ്കെടുക്കാന്‍ മനസ്സില്ലായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ വിലക്കിയതിനാല്‍ ഇറങ്ങിപ്പോകാതെ മുഴുവന്‍ പരിപാടിക്കും സാക്ഷ്യം വഹിക്കേണ്ടി വന്നു. ഏതായാലും പള്ളിയില്‍ ഉണ്ടായിരുന്ന മറ്റാര്‍ക്കും ഇതില്‍ എതിര്‍പ്പുള്ളതായി തോന്നിയില്ല. ദുഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി "അടിപൊളി" ആക്കിയതിന് വികാരിയച്ചന്‍ അസിസ്റ്റന്റ്നെ എല്ലാവര്ക്കും മുന്‍പില്‍ അഭിനന്ദിക്കുക പോലും ഉണ്ടായി!
ആറാം പ്രമാണത്തിന്റെ കാര്യത്തില്‍ നൈജീരിയാക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ രണ്ടു മാസം മുന്‍പ് ഒരു കൊച്ചച്ചന്‍ ഞായറാഴ്ച പ്രസംഗത്തില്‍ ഇടവകക്കാരായ ഞങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇതിനു തൊട്ടു മുന്‍പുള്ള പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഈ "അടിപൊളി" കുരിശിന്റെ വഴിയുടെ സംവിധായകനും.
Tuesday, April 6, 2010
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
2 comments:
Good post. Congradulations! Looking forward for more posts.
ദുഃഖവെള്ളിയാഴ്ച അവിശ്വാസികളും പള്ളിയില്‍പ്പോവുന്ന ദിവസമാണെന്നു തോന്നുന്നു.
Post a Comment