അവനവന്റെ മതത്തെ ഗൌരവമായെടുത്തു അതിനെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കുകയെന്നത് വേദനയിലും, പലപ്പോഴും ആഗ്രഹിക്കാത്ത അവിശ്വാസത്തിലും കലാശിക്കുന്ന പണിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ആയത് ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ ആണ്.
ഷ്വൈറ്റ്സറെക്കുറിച്ച് ഞാന്‍ ആദ്യം കേട്ടത്, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വായിച്ച ഒരു ജീവചരിത്രത്തില്‍ നിന്നാണ്. എം.കെ. സാനു എഴുതിയ ഒരു നല്ല പുസ്തകം ആയിരുന്നു അത്. "അസ്തമിക്കാത്ത വെളിച്ചം" എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരെന്ന് തോന്നുന്നു. "ചരിത്രത്തിലെ യേശുവിന്റെ അന്വേഷണം"(The Quest of Historical Jesus) എന്ന ഷ്വൈറ്റ്സരുടെ കൃതിയെ സാനു പരാമര്‍ശിച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് കൂടുതലൊന്നും എഴുതിയിരുന്നില്ല. ഷ്വൈറ്റ്സരുടെ ആ പുസ്തകം ഞാന്‍ വായിച്ചത് വളരെക്കാലം കഴിഞ്ഞാണ്.
ചെറിയ പ്രായത്തില്‍ തന്നെ ദൈവശാസ്ത്രജ്ഞനും സംഗീതജ്ഞനും ആയി പേരെടുത്ത ഷ്വൈറ്റ്സര്‍, "ചരിത്രത്തിലെ യേശുവിനെ"(Historical Jesus) അന്വേഷിച്ചിറങ്ങി. ഈ അന്വേഷണത്തിലെ ഒരു മുഖ്യ സമസ്യ യേശുവിന്റെ യുഗസമാപ്തിബോധത്തെ (eschatological consciousness)സംബന്ധിച്ചാണ് പുതിയ നിയമത്തില്‍ ഉടനീളം ഒരു യുഗാന്തചിന്ത നിറഞ്ഞു നില്‍ക്കുന്നുണ്ട്. ലോകാവസാനം തന്റെ ജീവിതകാലത്ത് തന്നെയോ തനിക്കു തൊട്ടു പിന്നാലെയോ സംഭാവിക്കാനിരിക്കുന്നെന്നും അതിനു വഴിയൊരുക്കുകയാണ് തന്റെ ദൌത്യമെന്നും യേശു വിശ്വസിച്ചിരുന്നതായി പുതിയനിയമം വായിക്കുന്ന ആര്‍ക്കും തോന്നിപ്പോകും. പൌലോസിന്റെ ലേഖനങ്ങളെപ്പോലും യുഗസമാപ്തിബോധം ഗ്രസിച്ചു നില്‍ക്കുന്നതായി കാണാം.
യുഗാന്തചിന്ത ചരിത്രത്തിലെ യേശുവിന്റെ ബോധത്തില്‍ ഉണ്ടായിരുന്നതാണോ എന്നത് വലിയൊരു സമസ്യയായി ക്രിസ്തീയ ചിന്തയെ എന്നും അലട്ടിയിട്ടുണ്ട്. ഷ്വൈറ്റ്സര്‍ക്ക് മുന്‍പ്, പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ജര്‍മ്മന്‍ ദൈവശാസ്ത്രം "ചരിത്രത്തിലെ യേശു"-വിന്റെ സമസ്യയുമായി ഏറെ മല്ലിട്ടിട്ടുണ്ട്. ക്രിസ്തീയ വിശ്വാസത്തിലെ യേശുവിനെ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ കുപ്പിയില്‍ ഇറക്കുകയായിരുന്നു ഈ പഠനങ്ങളുടെ ഒക്കെ ലക്‌ഷ്യം. യേശുവിനെ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവും conventional വിപ്ലവകാരിയും ആയി ഈ ലേഖകന്മാര്‍ ചിത്രീകരിച്ചു. പുതിയ നിയമത്തിലെ യുഗാന്തചിന്ത, യേശുവുമായി ബന്ധമില്ലാതെ, യഹൂദമതത്തിന്റെ സ്വാധീനത്തില്‍ സുവിശേഷകന്മാര്‍ വഴി വന്നതോ, സുവിശേഷങ്ങളില്‍ പില്‍ക്കാലത്ത് കലര്‍ത്തപ്പെട്ടതോ ആണെന്ന് അവര്‍ വിശദീകരിച്ചു.
എന്നാല്‍ യുഗസമാപ്തിബോധത്തെ മാറ്റിനിര്‍ത്തി യേശുവിന്റെ ദൌത്യത്തെയോ പ്രബോധനങ്ങളെയോ മനസ്സിലാക്കുക അസാധ്യമാണെന്നാണ് ഷ്വൈറ്റ്സര്‍ കണ്ടെത്തിയത്. തന്റെ ജീവിതകാലത്തു തന്നെ മനുഷ്യചരിത്രം പരിസമാപ്തിയിലെത്തുമെന്ന വിശ്വാസത്തിലാണ് യേശു പരസ്യജീവിതം ആരംഭിച്ചതും ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് നിയോഗിച്ചതും. അതു നടക്കാന്‍ പോകുന്നില്ലെന്ന് ബോധ്യമായപ്പോള്‍, സ്വന്തം മരണത്തോടെ യുഗസമാപ്തി എത്തിച്ചേരുമെന്ന വിശ്വാസത്തില്‍ സ്വയം ബലികൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിന് അവസരമൊരുക്കും വിധം തന്റെ ദൗത്യത്തിന്റെ ശേഷഭാഗം യേശു രൂപപ്പെടുത്തി. ഷ്വൈറ്റ്സറുടെ പുസ്തകം പത്തൊന്‍പതാം അദ്ധ്യായത്തിലെ പ്രസിദ്ധമായ ഈ ഭാഗം മുന്‍കരുതലെടുക്കാതെ വായിച്ചാല്‍, ശരാശരി വിശ്വാസിയുടെ രക്തം ഉറഞ്ഞു പോയെന്നു വരാം.
"വരുവാനിരിക്കുന്ന ദൈവപുത്രനാണ് താനെന്ന ബോധത്തോടെ കടന്നുവരുന്ന യേശു, എല്ലാ ചരിത്രത്തിന്റേയും അന്ത്യം കുറിക്കാനുള്ള പരിഭ്രമണത്തിനായി ലോകചക്രത്തെ പിടിച്ചു തിരിച്ചു. ചക്രം തിരിയാന്‍ വിസമ്മതിച്ചപ്പോള്‍ അവന്‍ സ്വയം അതിലേക്കെടുത്തെറിഞ്ഞു. അപ്പോള്‍ അവനെ ഞെരിച്ചുകൊണ്ട് അത് തിരിയാന്‍ തുടങ്ങുന്നു. യുഗസമാപ്തിയുടെ സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനു പകരം അതിനെ നശിപ്പിക്കുകയാണ് അതോടെ അവന്‍ ചെയ്തത്. എങ്കിലും, മനുഷ്യരാശിയുടെ ആത്മീയാധിപനായി സ്വയം സങ്കല്പിച്ച് ചരിത്രത്തെ തന്റെ ലക്ഷ്യത്തിനനുസരിച്ച് തിരിച്ചുവിടാന്‍ മാത്രം അസാമാന്യമഹത്വമുണ്ടായിരുന്ന ഒരു മനുഷ്യന്റെ ചതഞ്ഞ ശരീരവും പേറി ചക്രം ഇപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുന്നു. അതാണ് അവന്റെ വിജയവും അവന്റെ ഭരണവും."
ഇതിന്റെ ജര്‍മ്മന്‍ ഭാഷാമൂലം W.Montgomery ഇംഗ്ലീഷില്‍ പരിഭാഷപ്പെടുതിയിരിക്കുന്നത് ഇങ്ങനെയാണ്:
Soon after that comes Jesus, and in the knowledge that He is the coming Son of Man lays hold of the wheel of the world to set it moving on that last revolution which is to bring all ordinary history to a close. It refuses to turn, and He throws Himself upon it. Then it does turn; and crushes Him. Instead of bringing in the eschatological conditions, He has destroyed them. The wheel rolls onward, and the mangled body of the one immeasurably great Man, who was strong enough to think of Himself as the spiritual ruler of mankind and to bend history to His purpose, is hanging upon it still. That is His victory and His reign.
ഈ അന്വേഷണത്തിനൊടുവില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് ഷ്വൈറ്റ്സര്‍, വിശ്വസിക്കാവുന്ന എകമതം മനുഷ്യത്വമാണെന്ന് തീരുമാനിച്ചതും വൈദ്യം പഠിച്ച് ആതുര സേവനത്തിനായി ആഫ്രിക്കയില്‍ പോയതും ഒക്കെ.
Sunday, May 16, 2010
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
No comments:
Post a Comment