യേശുവിന്റെ അമ്മ മറിയം കന്യക ആയിരിക്കെ ദൈവാത്മാവിന്റെ പ്രവര്‍ത്തനത്താലാണ് യേശു ജനിച്ചതെന്ന് ക്രിസ്തീയ വിഭാഗങ്ങള്‍ എല്ലാം തന്നെ വിശ്വസിക്കുന്നു. സുവിശേഷങ്ങളിലെ യേശുവിന്റെ ജനനകഥയ്ക്കു പുറമേ പഴയ നിയമം പോലും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നതായി കരുതപ്പെടുന്നു. പഴയ നിയമത്തില്‍, "കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും" എന്ന ഏശയ്യാ പ്രവാചകന്റെ വാക്യം മറിയത്തിന്റെ കന്യാമാതൃത്വത്തിന്റെ പ്രവചനമാണത്രെ. ആദ്യജാതനായ യേശുവിന്റെ പിറവിയ്ക്ക് ശേഷവും മറിയം കന്യാവസ്ഥയില്‍ തുടര്‍ന്നു എന്നും പ്രബലമായ വിശ്വാസമുണ്ട്. കത്തോലിക്കരും ഇതര ക്രിസ്തീയ വിഭാഗങ്ങളില്‍ ചിലതും മറിയത്തിന്റെ നിത്യകന്യാവസ്ഥയെക്കുറിച്ചുള്ള ഈ വിശ്വാസം പിതുടരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ പോലും ഇതിനെ തള്ളിക്കളഞ്ഞിട്ടില്ല. കത്തോലിക്കാ സഭയിലെയും മറ്റും നിറപ്പകിട്ടുള്ള മരിയഭക്തിയുടെ(Marian Cult) നിലനില്‍പ്പിനു ഈ വിശ്വാസം കൂടിയേ തീരൂ. എന്നാല്‍ ഇതിനു പുതിയ നിയമത്തില്‍ തെളിവുകള്‍ ഇല്ല. ഇതിനെതിരെന്നു പറയാവുന്ന പരാമര്‍ശങ്ങള്‍ സുവിശേഷങ്ങളില്‍ ഉണ്ടു താനും.
ആ നിലയ്ക്ക്, മറിയത്തിന്റെ നിത്യകന്യാവസ്ഥയെ പഴയ നിയമം പ്രവചിച്ചിരുന്നു എന്നു വാദിച്ചാലോ? അങ്ങനെയും ചിലര്‍ വാദിച്ചിട്ടുണ്ട്. ആ വഴിക്കുള്ള ഏറ്റവും രസകരമായ ഒരു വാദം സഭാപിതാവായ ജെറോം(മരണം ക്രി.വ.420) ഉന്നയിച്ചിട്ടുള്ളത് ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്. പുനര്‍നിര്‍മ്മിതമാകാനിരിക്കുന്ന യെരുശലേം ദേവാലയത്തിന്റെ വിവരണം ദൈവം ഒരു ദര്‍ശനത്തില്‍ ബാബിലോണില്‍ പ്രവാസത്തില്‍ കഴിഞ്ഞിരുന്ന എസക്കിയേല്‍ പ്രവാചകന് നല്‍കുന്നത് പഴയ നിയമത്തില്‍ കാണാം. പുതിയ ദേവാലയത്തിന്റെ കവാടങ്ങളുടെയും മറ്റും വിവരണം അതില്‍ ഉള്‍പ്പെടുന്നു. അതില്‍, കിഴക്കേ കവാടത്തെക്കുറിച്ചുള്ള ഒരു വാക്യം (എസക്കിയേല്‍ 44 :2 ) യേശുവിന്റെ ജനനത്തിനു ശേഷവും മറിയം കന്യാവസ്ഥയില്‍ തുടരും എന്നതിന്റെ പ്രവചനം ആണെന്നാണ് ജെറോം വാദിച്ചത്. വാക്യം ഇതാണ്:
"ഈ കവാടം എന്നും അടഞ്ഞു കിടക്കണം; ഇത് ഒരിക്കലും തുറക്കരുത്; ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ഇത് വഴി പ്രവേശിച്ചിരിക്കയാല്‍, ആരും ഇതുവഴി കടന്നുകൂടാ. ഇത് അടഞ്ഞു കിടക്കണം."
(This gate will be kept shut. No one will open it to go through it. Since Yehweh the God of Israel has been through it, it must be kept shut.)
Saturday, May 1, 2010
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
1 comment:
സഭാപിതാവിന്റെ മെറ്റഫോറിക്കല്‍ റീഡിങ് കൊള്ളാം. യൂഫെമിസത്തിനു മുമ്പായിരുന്നോ ഈ മെറ്റഫര്‍ കാലം? knowledge, tilling, ploughing, sowing അങ്ങനെയങ്ങനെ.
Post a Comment