Monday, August 2, 2010

ആദാമിന്റെ പാദമുദ്ര

വിലക്കപ്പെട്ട കനിയുടെ രുചിയറിഞ്ഞതിന് പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ട അദാം എവിടേയ്ക്കാണ് പോയതെന്നോ? ശ്രീലങ്കയിലേയ്ക്ക്. ഭൂമിയില്‍ പറുദീസയ്ക്കൊപ്പം നന്മകള്‍ നിറഞ്ഞ ഒരിടമെന്ന നിലയ്ക്കാണ് അദ്ദേഹം അവിടേയ്ക്കു പോയത്. എന്നാല്‍ പാപം ചെയ്തവന്‍ എവിടെ ചെന്നാലും ആദ്യം ചെയ്യേണ്ടത് പ്രായശ്ചിത്തമാണല്ലോ. അറിവിന്റെ കനി തിന്നതിന് പ്രായശ്ചിത്തമായി ആദാം അവിടെ ഒരു പര്‍വതശിഖരത്തില്‍ ഒറ്റക്കാലില്‍ ആയിരം വര്‍ഷം തപസ്സു ചെയ്തു. കൊടുമുടിയില്‍ ഇന്നും ആ കൊടും തപസ്സിന്റെ ഒരു ചിഹ്നം അവശേഷിച്ചിട്ടുണ്ട് - ആദിമനുഷ്യന്റെ പാദമുദ്ര!

തെക്കന്‍ ശ്രീലങ്കയുടെ നടുവിലുള്ള മലനാട്ടിലെ പല കൊടുമുടികളില്‍ ഒന്നാണ് ആദാംസ് പീക്ക്. അതിന്റെ ഉച്ചിയിലുള്ള പാറയിലെ കൂറ്റന്‍ പാദമുദ്രയുടെ അളവുകള്‍ അമ്പരപ്പിക്കുന്നതാണ്: നീളം ആറടിയും വീതി രണ്ടരയടിയും. ശരാശരി മനുഷ്യന്റെയോ, നമുക്ക് സങ്കല്പിക്കാവുന്ന ഒരു അതികായന്റെ തന്നെയോ കാല്പാടാണ് അതെന്നു കരുതാന്‍ പ്രയാസം. എന്നാല്‍ വിശ്വാസവുമായി വാഗ്വാദത്തിനൊരുങ്ങുന്നതില്‍ കാര്യമില്ലല്ലൊ. പതിനാലാം നൂറ്റാണ്ടില്‍ ശ്രീലങ്ക സന്ദര്‍ശിച്ച ഇബ്നു ബത്തൂത്തയടക്കമുള്ള അറേബ്യന്‍ സഞ്ചാരികള്‍ വഴിയാകണം കൊടുമുടിയെ ആദാമുമായി ബന്ധപ്പെടുത്തുന്ന പുരാവൃത്തം രൂപപ്പെട്ടത്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ത്തുഗീസുകാരുടെ വരവോടെ ആദാം മുടിയിലെ കാല്പാട് തോമസ് അപ്പസ്തോലന്റേതാണ് എന്ന കഥയ്ക്കും പിറവിയായി. ശ്രീലങ്കയിലെ ഹിന്ദുക്കളാകട്ടെ കൊടുമുടിയിലെ കാല്പാട് സാക്ഷാല്‍ ശ്രീപരമേശ്വരന്റേതാണ് എന്നും കരുതുന്നു. അവര്‍ക്ക് ആദാംസ് പീക്ക് "ശിവനടിപാദം" ആണ്.

ആദാംസ് പീക്ക് ഇന്ന് ശ്രീലങ്കയിലെ ഏറ്റവും തിരക്കുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്. തീര്‍ത്ഥകരില്‍ ഏറെയും ശ്രീലങ്കയില്‍ നിന്നും വിദേശത്തുനിന്നും എത്തുന്ന ബുദ്ധമതവിശ്വാസികളാണ്. സിദ്ധാര്‍ത്ഥഗൗതമന്‍ തന്റെ ഭൗതികജീവിതത്തിനിടയില്‍ ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ടെന്ന് നമ്മിലാരും സമ്മതിച്ചുവെന്നു വരില്ല. എന്നാല്‍ ഗൗതമന്‍ മൂന്നു പ്രാവശ്യം തങ്ങളുടെ ദ്വീപ് സന്ദര്‍ശിച്ചുട്ടുണ്ടെന്ന് ശ്രീലങ്കയിലെ ബുദ്ധമതസ്തര്‍ ദൃഢമായി വിശ്വസിക്കുന്നു. മൂന്നാമത്തെ സന്ദര്‍ശനം ബോധോദയത്തിന്റെ എട്ടാം വര്‍ഷമാണ് നടന്നതെന്നും അന്ന് അദ്ദേഹം അവശേഷിപ്പിച്ചു പോയതാണ് ആദാം മുടിയിലെ കാല്പാട് എന്നുമാണ് വിശ്വാസം. ഈ വിശ്വാസമാണ് വര്‍ഷം തോറും ആയിരങ്ങളെ മുടിയുടെ ഉച്ചിയിലേയ്ക്കുള്ള കഠിനയാത്രയ്ക്കു പ്രേരിപ്പിക്കുന്നത്. ആദാം മുടി കയറുമ്പോള്‍ നാം ഗൗതമന്റെ വഴി പിന്‍പറ്റി ചെന്ന് തഥാഗതന്റെ പാദമുദ്ര കണ്ട് സായൂജ്യമടയുന്നു. ബുദ്ധമതക്കാര്‍ക്ക് ആദാംസ് പീക്ക് "ശ്രീപാദം" ആണ്.

കൊളൊംബോവില്‍ മൂന്നു വര്‍ഷത്തെ ജോലിയ്ക്കും താമസത്തിനുമിടെ ശ്രീലങ്കയില്‍ ഞാനും കുടുംബവും ഒട്ടേറെ യാത്രചെയ്തിട്ടുണ്ട്. ബുദ്ധന്റെ പല്ലുകളിലൊന്ന് എന്നു കരുതപ്പെടുന്ന പൂജ്യാവശിഷ്ടം അത്യാദരവോടെ സൂക്ഷിക്കപ്പെടുന്ന കാന്‍ഡിയിലെ ശ്രീദലാദക്ഷേത്രം, അശോകന്റെ പുത്രി സംഘമിത്ര വഴി ശ്രീലങ്കയില്‍ എത്തിയതെന്നും ഗൗതമന്റെ ബോധോദയത്തിനു സാക്ഷിയായ വൃക്ഷത്തിന്റെ ശാഖയില്‍ നിന്ന് മുളച്ചുണ്ടായതെന്നും വിശ്വസിക്കപ്പെടുന്ന അനുരാധപുരത്തെ ശ്രീമഹാബോധി, ശിവഭക്തനായ രാവണന്‍ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തിരുകോണമലക്ഷേത്രം, ബുദ്ധ-ഹൈന്ദവ മതങ്ങളില്‍ ഏതിന്റേത് എന്നു തിരിച്ചു പറയാന്‍ നിവൃത്തിയില്ലാത്ത തെക്കന്‍ ശ്രീലങ്കയിലെ കത്തറഗാമാ ക്ഷേത്രം, ദംബുള്ളയിലെ ഗുഹാക്ഷേത്രങ്ങള്‍ ഒക്കെ ഞങ്ങള്‍ കണ്ടു. മദ്ധ്യ ലങ്കയിലെ സിഗിരിയ സന്ദര്‍ശിച്ചതിന്റെ അമ്പരപ്പ് ഞങ്ങളെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. 400 മീറ്റര്‍ ഉയരമുള്ള പടുകൂറ്റന്‍ പാറയുടെ മുകളില്‍ ഒന്നര സഹസ്രാബ്ദം മുന്‍പ് നിര്‍മ്മിക്കപ്പെട്ട കൊട്ടാരസമുച്ചയമാണ് അവിടത്തെ ആകര്‍ഷണം. ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഏതിനേയും അതിശയിക്കുന്ന അതിനെക്കുറിച്ച്, തൊട്ടടുത്ത ഇന്‍ഡ്യയില്‍ നാം പോലും കേള്‍ക്കാതിരുന്നതെന്തെന്ന് ഞങ്ങള്‍ അത്ഭുതം കൂറി.

ആദാം മുടി സന്ദര്‍ശിക്കുന്ന കാര്യം ഞങ്ങള്‍ പലവട്ടം ആലോചിച്ചതാണെങ്കിലും സാഹസമാകുമെന്നു കരുതി ഓരോ തവണയും വേണ്ടെന്നു വയ്ക്കുകയാണുണ്ടായത്. എന്നാല്‍ 2003 ഫെബ്രുവരിയില്‍ ഉത്തരേന്ത്യക്കാരായ എന്റെ ചില സഹപ്രവര്‍ത്തകര്‍ സകുടുംബം മുടി സന്ദര്‍ശിക്കാനൊരുങ്ങിയപ്പോള്‍ ഞാനും കുടുംബവും കൂടെ ചേര്‍ന്നു. കുട്ടികളടക്കം ഞങ്ങള്‍ 25 പേരുണ്ടായിരുന്നു. കൊളൊംബോവില്‍ നിന്ന് 180 കിലോമീറ്റര്‍ ദൂരമുണ്ട്. തീര്‍ത്ഥാടനത്തിന്റെ സീസണ്‍ ഡിസംബര്‍ മുതല്‍ മേയ് വരെയാണ്. മഴക്കാലം പറ്റിയതല്ല: നടപ്പാത നനഞ്ഞ് കുഴഞ്ഞിരിക്കുമെന്നത് ഒരുകാര്യം. കൂടാതെ മഴക്കാലത്ത് തീര്‍ത്ഥകര്‍ക്ക് ശരീരത്തില്‍ നുഴഞ്ഞുകയറി രക്തം കുടിക്കുന്ന കന്നട്ടകളേയും(Leeches) പേടിക്കാനുണ്ട്.



കൊളൊംബോവില്‍ നിന്ന് ഞങ്ങള്‍ രാവിലെ യാത്രതിരിച്ചു. ഇടയ്ക്ക് കിതുല്‍ഗല എന്ന നീരാട്ടുസങ്കേതത്തില്‍ ഇറങ്ങി. ശ്രീലങ്കയിലെ നദികളൊക്കെ ഗംഗകളാണ്, മഹാവേലിഗംഗ, കേളാനിഗംഗ, കളുഗംഗ എന്നൊക്കെയാണ് അവയുടെ പേരുകള്‍. ഗൗതമബുദ്ധന്‍ ഗംഗാതടത്തിലാണല്ലോ മുക്തിമാര്‍ഗം കണ്ടെത്തിയതും പഠിപ്പിച്ചതും. നദികള്‍ക്ക് ഗംഗയെന്നു പേരിടുവാനുള്ള പ്രേരണ ബുദ്ധസംസ്കാരത്തില്‍ നിന്നു കിട്ടിയതാവണം. കേളാനിഗംഗയിലാണ് കിതുല്‍ഗല. പാറയിടുക്കുകളെ തഴുകി പതഞ്ഞൊഴുകുന്ന നദിയില്‍ നീരാട്ടുകാരുടെ തിരക്കായിരുന്നു. ഇരുകരകളിലും പച്ചപ്പിന്റെ മേളം. പ്രകൃതിയുടെ ഈവക ധാരാളിത്തം ശ്രീലങ്കയില്‍ ആരേയും അത്ഭുതപ്പെടുത്തുകയില്ല. അവിടെ ഇത് സാധാരണ കാര്യമാണ്. കിതുല്‍ഗല ശ്രദ്ധിക്കപ്പെടാന്‍ കാരണം മറ്റൊന്നാണ്.

അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 1957- ലെ പേരുകേട്ട ഇംഗ്ലീഷ് ചലച്ചിത്രം "Bridge on River Kwai" ഓര്‍മ്മയുണ്ടോ? രണ്ടാം ലോകമഹായുദ്ധത്തില്‍ കീഴടങ്ങിയ ബ്രിട്ടീഷ് സൈനികരിക്കൊണ്ട് തായ്‌ലന്‍ഡിലെ ക്വായ് നദിയ്ക്കു കുറുകെ ജപ്പാന്‍കാര്‍, ബാങ്കോക്കില്‍ നിന്ന് റങ്കൂണിലേയ്ക്കും അവിടന്ന് കല്‍ക്കത്തയിലേയ്ക്കും ഉള്ള നീക്കങ്ങള്‍ക്ക് ഉപകരിക്കാനായി പാലം പണിയിക്കുന്ന കഥ. തടവുകാരുടെ നേതാവ്, അടിമപ്പണിയുടെ നാണക്കേടിനെ ഏഷ്യയുടെ മണ്ണില്‍ യൂറോപ്പിന്റെ കാര്യക്ഷമത തെളിയിക്കാനുള്ള വെല്ലുവിളിയായെടുത്ത് സ്വന്തം നേതൃത്വത്തില്‍ പാലം പണി തീര്‍ക്കുന്നതും നുഴഞ്ഞുകയറിയ ഒരു ബ്രിട്ടീഷ് ദൗത്യസംഘം അത് സ്ഫോടകവസ്തുക്കള്‍ വച്ച് തകര്‍ക്കുന്നതുമാണ് കഥ. മൂന്നു വര്‍ഷം ആ സിനിമയുടെ ചിത്രീകരണസ്ഥാനമായിരുന്നതു മുതല്‍ക്കാണ് കിതുല്‍ഗല പ്രശസ്തമായത്. തീര്‍ത്ഥകരായ ഞങ്ങള്‍ ഉല്ലാസനീരാട്ടിനൊന്നും ഒരുങ്ങാതെ പാറകളെ തഴുകി ഓജസ്സോടെ ഒഴുകുന്ന കേളാനി ഗംഗയില്‍ കയ്യും മുഖവും കഴുകിയിട്ട് നദീതീരത്തിരുന്ന് ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു.

വൈകിട്ട് നാലുമണിയോടെ മലമ്പ്രദേശത്തെ കൊച്ചുപട്ടണമായ മസ്കേലിയായില്‍ എത്തി, ഒരിടത്തരം ഹോട്ടലില്‍ നേരത്തേ ബുക്കു ചെയ്തിരുന്ന മുറികളില്‍ ഞങ്ങള്‍ കയറിക്കൂടി. മസ്കേലിയ തേയിലത്തോട്ടങ്ങള്‍ക്കു നടുവിലാണ്. നമ്മുടെ ഹൈറേഞ്ചിലുള്ള തരം സുഖമുള്ള തണുപ്പ്. വിശ്രമവും രാത്രി ഭക്ഷണവും കഴിഞ്ഞ്, 11 മണിയോടെ ഞങ്ങള്‍ മലകയറ്റത്തിന്റെ ആരംഭസ്ഥാനമായ "നല്ലതണ്ണി"യിലേയ്ക്കു തിരിച്ചു. മസ്കേലിയയില്‍ നിന്ന് ബസ്സില്‍ അവിടെയെത്താന്‍ അരമണിക്കൂറെടുത്തു.

ആദാം മുടിയുടെ ചുവട്ടില്‍ നിന്ന് മുകളിലേയ്ക്കു നോക്കിയപ്പോള്‍ പേടി. താഴെനിന്ന് മുടിയുടെ ഉച്ചിയോളം എത്തുന്ന ട്യൂബ് ലൈറ്റുകളുടെ നിര ചെന്നവസാനിക്കുന്നത് ആകാശത്തിലാണെന്നു തോന്നി. 1950-കളില്‍ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായിരുന്ന ജോണ്‍ കൊത്തളവാലയുടെ ഉത്സാഹത്തില്‍ സ്ഥാപിക്കപ്പെട്ടവയാണ് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ആ വഴിവിളക്കുകള്‍.

മുടിയുടെ ഉയരം 2244 മീറ്റര്‍(7400 അടി) എന്നാണ് ഗൈഡുപുസ്തകങ്ങളില്‍ കണ്ടിട്ടുള്ളത്. നമ്മുടെ ആനമലയ്ക്ക് പോലും 2695 മീറ്റര്‍ ഉയരമുണ്ട്. എന്നാല്‍ പഴയ സന്ദര്‍ശകരില്‍ ചിലരൊക്കെ ആദാം മുടി ലോകത്തിന്റെ തന്നെ ഉച്ചിയാണ് എന്നു കരുതിയിരുന്നു. അതിന്റെ കിടപ്പിന്റെ പ്രത്യേകത കൊണ്ട്, വളരെ അകലെ നിന്നുതന്നെ കൊടുമുടി കാണാമെന്നതാണ് ഒരു കാരണം. ഉള്‍നാട്ടിലാണെങ്കിലും, അകലെ കടലില്‍ നിന്ന്, കരയില്‍ നിന്നു കാണുന്നതില്‍ ഭംഗിയായി കാണാമെന്നത് സഞ്ചാരികള്‍ക്കിടയില്‍ അതിന് പേരുണ്ടാക്കി. പതിനാലാം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോയും ബത്തൂത്തയുമൊക്കെ ഇതിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത് അങ്ങനെയാണ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരുമായിപ്പോലും കൊടുമുടിയെ ബന്ധിപ്പിക്കുന്ന കഥകള്‍ പ്രചാരത്തിലുണ്ട്.

താഴെ തണുപ്പിനെ നേരിടാന്‍ വേണ്ട സ്വറ്ററുകളും തൊപ്പികളും വില്‍ക്കുന്നവരുടെ ബഹളം. ഭാരം വല്ലതും കയ്യിലുണ്ടെങ്കില്‍ അതു ചുമന്നു മുകളിലേയ്ക്ക് കൂടെ വരാന്‍ തയ്യാറുള്ള കൂലിക്കാരുമുണ്ട്. രണ്ടു സഹപ്രവര്‍ത്തകര്‍, അവരുടെ മൂന്നുനാലു വയസ്സു പ്രായമുള്ള കുട്ടികളെ എടുക്കാന്‍ കൂലിക്കാരുടെ സഹായം തേടി. ഒരു കുട്ടിയെ മുകളിലേയ്ക്കും താഴേയ്ക്കും എടുത്തു കൂടെ വരുന്നതിന് 700 ശ്രീലങ്കന്‍ രൂപയായിരുന്നു നിരക്ക്.

ഞങ്ങള്‍ മലകയറാന്‍ തുടങ്ങിയപ്പോള്‍ പാതിരാ 12 മണി. നടന്നു കയറാനുള്ള ദൂരം എത്രയുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. 7 കിലോമീറ്ററെന്നു തുടങ്ങി 8 മൈലെന്നു വരെ ഗൈഡുകളില്‍ കണ്ടിട്ടുണ്ട്. ആദ്യമൊക്കെ നടത്തം നല്ല ഉത്സാഹത്തിലായിരുന്നു. നാട്ടുകാരും വിദേശികളുമായി ഒട്ടേറെ തീര്‍ത്ഥകരുണ്ടായിരുന്നു. നാലഞ്ചടി വീതിയുള്ള നടപ്പാത. ഇരുവശത്തും ആദ്യമൊക്കെ തേയിലത്തോട്ടങ്ങള്‍. പിന്നെ കാട്. പരന്ന് കയറിപ്പോകുന്ന പാത ഇടയ്ക്കിടെ കുത്തനെയുള്ള കയറ്റമാകുമ്പോള്‍ ചവിട്ടുപടികള്‍ക്ക് വഴിമാറിക്കോടുത്തു. അവ കയറുന്നതാണ് ഏറെ ബുദ്ധിമുട്ട്. മുന്നോട്ടു ചെല്ലും തോറും ചവിട്ടുപടികള്‍ കൂടി വന്നു. ഒരു മണിക്കൂര്‍ നടന്നപ്പോള്‍ മിക്കവരും തളര്‍ന്നു. ഇടയ്ക്കിടെ പാതയോരത്ത്, തീര്‍ത്ഥകരെ മുന്നില്‍ കണ്ട് കെട്ടിയുണ്ടാക്കിയ കടകളുണ്ട്. തളരുമ്പോള്‍ പാനീയങ്ങളും മറ്റും കഴിച്ച് ക്ഷീണം മാറ്റാം. മുടിയുടെ ഏറ്റവും മുകളിലത്തെ ഭാഗം ഒഴിച്ച് മറ്റെല്ലായിടത്തും ഇത്തരം കടകളുണ്ട്. കടയിരിക്കുന്ന സ്ഥലത്തിന്റെ ഉയരത്തിന് ആനുപാതികമായാണ് വില എന്നു മാത്രം. താഴെ എട്ടു ശ്രീലങ്കന് രൂപയ്ക്കു കിട്ടുന്ന ചായക്ക്, പകുതി കയറ്റമാകുമ്പോള്‍ 25 രൂപയും ഒടുവില്‍ 50 രൂപയുമാണ്. ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഉള്ളതിനേക്കാള്‍ തിരക്കു കണ്ടത് പേശികളുടെ വേദന ശമിപ്പിക്കാനുള്ള "സിദ്ധലേപം" എന്ന കുഴമ്പ് വില്‍ക്കുന്ന കടകളിലാണ്.

രണ്ടുമണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആകെ വലഞ്ഞു. കുത്തനെയുള്ള ഓരോ കയറ്റം വരുമ്പോഴും ഇതാവും അത്തരത്തിലുള്ള അവസാനത്തേത് എന്നും ഉടനേ ലക്ഷ്യത്തിലെത്തുമെന്നും കണക്കു കൂട്ടി. പിന്നെയും ഒരു മണിക്കൂര്‍ കൂടി നടന്നപ്പോള്‍ ശരീരവും മനസ്സും തളര്‍ന്നു. ഇതിന് തുനിഞ്ഞിറങ്ങിയത് അബദ്ധമായെന്നു വരെ തോന്നിത്തുടങ്ങി.

ഒപ്പമുള്ള തീര്‍ത്ഥകര്‍ എല്ലാത്തരക്കാരുമുണ്ട്: കൊച്ചുകുട്ടികളും ചെറുപ്പക്കാരും; മക്കളുടെ തോളില്‍ പിടിച്ച് വിശ്വാസത്തിന്റെ ബലത്തില്‍ പതുക്കെ കയറിപ്പോകുന്ന വൃദ്ധന്മാരും വൃദ്ധകളും; ബുദ്ധഭിക്ഷുക്കളും ഭിക്ഷുണികളും; പരസ്പരം പറ്റിച്ചേര്‍ന്ന് അര്‍ത്ഥനാരീശ്വരന്മാരെപ്പോലെ പ്രണയത്തിനും ഭക്തിക്കുമിടയിലെ ചിന്താക്കുഴപ്പം പേറി നടന്നുപോകുന്ന കാമുകീ-കാമുകന്മാര്‍. (കൊളൊംബോവിലെ കടലോരങ്ങളും കാന്‍ഡിയിലെ "പെരെദെനിയ" ബൊട്ടാണിക്കല്‍ ഗാര്‍ഡണും ഒക്കെ ഇപ്പോള്‍ തന്നെ പ്രണയജോഡികളുടെ പിടിയിലാണ്. ആദാംസ് പീക്കും കാലക്രമേണ അവര്‍ക്കു കീഴടങ്ങുമോയെന്നറിഞ്ഞില്ല!)

പുലര്‍ച്ച നാലുമണി. നാലുമണിക്കൂറായി കയറ്റം തുടങ്ങിയിട്ട്. മുകളിലെത്താന്‍ പറ്റുമോയെന്ന ആശങ്ക പോലുമുണ്ട് പലര്‍ക്കും. ഞാന്‍ ജോണ്‍ ബുന്യാന്റെ "പില്‍ഗ്രിംസ് പ്രോഗ്രസ്" വായിച്ചതോര്‍ത്തു. അതിലെ തീര്‍ത്ഥാടകനെ ലക്ഷ്യസ്ഥാനമായ ദൈവനഗരത്തിലെത്തിച്ചത് അയാളുടെ വിശ്വാസമാണ്. പ്രതിബന്ധങ്ങളുടെ പൂട്ടുതുറക്കുവാന്‍ അയാള്‍ ഹൃദയത്തിന്റെ ഉള്ളറയില്‍ വിശ്വാസത്തിന്റെ താക്കോല്‍ കരുതിയിരുന്നു. തീര്‍ത്ഥാടകന്റെ വേഷം അവിശ്വാസിക്ക് ഭാരമാണ്. ഈ തീര്‍ത്ഥയാത്ര ഞങ്ങളില്‍ ചിലരെ ഇത്രയധികം തളര്‍ത്തിയതിന് കാരണം അതായിരിക്കണം.
ഇടയ്ക്കു ഞാന്‍ മുകളിലേയ്ക്കു കണ്ണയച്ചു. മാനം നിറയെ വാരിവിതറിയ നക്ഷത്രങ്ങള്‍. ഇത്രയേറെ നക്ഷത്രങ്ങളുമായി ആകാശം ഞാന്‍ ആദ്യമായി കാണുകയായിരുന്നു. താരാപഥങ്ങളുടെ ശാന്തി എനിക്ക് ആശ്വാസം പകര്‍ന്നു.

വിശ്വാസിയെ വിശ്വാസം മുന്നോട്ടു നയിക്കുന്നു. വഴിയില്‍ രണ്ടു സ്ഥലങ്ങളില്‍ കണ്ട വിചിത്രമായ ഒരു ചടങ്ങ് ഞാന്‍ ഓര്‍ത്തു. തീര്‍ത്ഥകര്‍ വഴിയരികില്‍ നിന്ന്, കയ്യില്‍ കരുതിയ സൂചി എടുത്ത് നൂല്‍ കോര്‍ക്കുന്നു. പിന്നെ സൂചി പാതയോരത്തെ മരത്തില്‍ തറച്ചിട്ട് നൂല്‍ നീട്ടി അടുത്തുള്ള വേറൊരു മരത്തില്‍ കെട്ടുന്നു. ഗൗതമബുദ്ധന്‍ ഇവിടേയ്ക്കു നടത്തിയ യാത്രയ്ക്കിടയില്‍ വസ്ത്രത്തിന്റെ വിളുമ്പ് കീറിയപ്പോള്‍ ഇടയ്ക്കിരുന്ന് അത് തുന്നി ശരിയാക്കിയതിന്റെ അനുസ്മരണമാണത്ര ഇത്.

കയറും തോറും പാത വീതി കുറഞ്ഞതും കൂടുതല്‍ കുത്തനെ ഉള്ളതും ആയി വന്നു. പിന്നീടങ്ങോട്ട് ചവിട്ടുപടികള്‍ മാത്രമായി. താങ്ങില്ലാതെ ഇവിടെ കയറ്റം അസാദ്ധ്യം. ഭാഗ്യത്തിന് ഇനിയുള്ള വഴിയില്‍ ഇരുവശത്തും, പിടിച്ചുകയറുവാനുള്ള ഇരുമ്പഴികളുണ്ട്. പത്തന്‍പതുവര്‍ഷം മുന്‍പുവരെ ഇവിടെയുണ്ടായിരുന്നത് ഇരുമ്പുചങ്ങലകളായിരുന്നു. അവ അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ചതാണ് എന്ന വിശ്വാസത്തിന് പ്രാചീന സഞ്ചാരികള്‍ വഴിയാവണം പ്രചാരം കിട്ടിയത്. (ഇവിടെയൊന്നും നാം ചരിത്രം തെരയേണ്ടതില്ല.) അഴികളെ ആശ്രയമാക്കി ഞങ്ങള്‍ കയറ്റം തുടര്‍ന്നു. പാതയ്ക്ക് വീതികുറഞ്ഞതോടെ തിരക്കേറി. ഇടയ്ക്ക് ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തെ വഴിവിളക്കുകളും കെട്ടു.
ക്ഷീണവും തിരക്കും ചേര്‍ന്ന് കയറ്റത്തിന്റെ വേഗം പിന്നെയും കുറച്ചു. അതിനിടെ അതാ മുകളില്‍ നിന്ന് ഏഴെട്ടുവയസ്സുള്ള ഒരാണ്‍കുട്ടി അമ്മയെ കാണുന്നില്ല എന്നു പറഞ്ഞ് കരഞ്ഞ് ഇറങ്ങി വരുന്നു. അവന്‍ ഇറങ്ങിപ്പോകുന്ന വഴിയ്ക്ക്, ക്ഷീണിച്ചു തളര്‍ന്ന യാത്രക്കാരൊക്കെ അവനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അവന് അമ്മയെ ഒടുവില്‍ കണ്ടു കിട്ടിയിരിക്കണം.

അതിനിടെ കൊടുമുടിയുടെ ഉച്ചി ഞങ്ങള്‍ക്ക് കാണാമെന്നായി. എന്നാല്‍ കയറ്റം പിന്നെയും ഉണ്ടായിരുന്നു. അരമണിക്കൂര്‍ കൂടി കഴിഞ്ഞ്, ഞങ്ങള്‍ ആദാംസ് പീക്കിന്റെ മുകളിലെത്തി. ഞാന്‍ വാച്ചില്‍ നോക്കി. സമയം 5.30. അഞ്ചരമണിക്കൂര്‍ നീണ്ട കയറ്റം അങ്ങനെ തീര്‍ന്നു. ഇനി ശ്രീപാദദര്‍ശനം. കാല്പാടിനെ ഒരുവട്ടം വലം വച്ച് മുന്നില്‍ ചെന്ന് വണങ്ങി കാണിക്കയിടുകയാണ് ചടങ്ങ്. കാണിയ്ക്ക ശേഖരിക്കാനായി പാദമുദ്രയ്ക്കു മുകളില്‍ ഒരു തുണി വിരിച്ചിരിക്കുന്നു. അതിനാല്‍ വിരല്പാടുകള്‍ മാത്രമേ കാണാനായുള്ളു. തീര്‍ത്ഥകന് പിന്നെ ചെയ്യാനുള്ളത്, അവിടെയുള്ള മണി അടിയ്ക്കുകയാണ്. സന്ദര്‍ശനം എത്രാമത്തേതാണോ, അത്രയും വട്ടമാണ് അടിക്കേണ്ടത്. ഞങ്ങളുടേത് ആദ്യ സന്ദര്‍ശനമാണല്ലോ. ഞങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത് ഒരു മണി മാത്രം.

ശ്രീപാദത്തിലേയ്ക്കുള്ള യാത്ര മിക്കവരും രാത്രിയിലാണ് നടത്തുക. വെയിലില്ലാത്തപ്പോള്‍ കയറ്റം എളുപ്പമാണെന്നത് ഒരു കാരണമാണെങ്കിലും കൊടുമുടിയുടെ മുകളില്‍ സൂര്യോദയത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സമയത്തിന് എത്താമെന്നതാണ് രാത്രിയിലെ യാത്രയുടെ പ്രധാന സൗകര്യം. കിഴക്ക് സൂര്യനുദിയ്ക്കുമ്പോള്‍ കൊടുമുടിയുടെ നീണ്ട നിഴല്‍ പടിഞ്ഞാറന്‍ ചരിവില്‍ പതിക്കുന്നു. സൂര്യന്‍ ഉയരുന്നതനുസരിച്ച് നിഴലിന്റെ ദൈര്‍ഘ്യം കുറഞ്ഞുവരുന്നു. ആദാംസ് പീക്കിന്റെ പ്രശസ്തിയ്ക്കുള്ള കാരണങ്ങളിലൊന്ന് ദിവസേന അരങ്ങേറുന്ന നിഴല്‍-വെളിച്ചങ്ങളുടെ ഈ നാടകമാണ്. അസാമാന്യമെന്നോ അനുപമമെന്നോ ഒക്കെ വിശേഷിപ്പിച്ചാലും മതിവരാത്ത ആ പ്രതിഭാസം അരങ്ങേറിയത് ഏതാണ്ട് 6.45 തുടങ്ങി കുറേ സമയത്തേയ്ക്കാണ്.

എല്ലാം കഴിഞ്ഞ് എട്ടുമണിയോടെ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. കയറ്റം പോലെ തന്നെയോ അതിലുമേറെയോ പ്രയാസമുള്ളതാണ് ഇറക്കവുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല. കേട്ടത് ശരിയായിരുന്നുവെന്ന് അനുഭവം ഞങ്ങളെ പഠിപ്പിച്ചു. നടന്നിറങ്ങും തോറും വെയില്‍ ഏറി വന്നു. പടികള്‍ ഇറങ്ങുമ്പോള്‍ എല്ലാവര്‍ക്കും തന്നെ കാലുകള്‍ക്ക് വിറയല്‍. കയറിപ്പോയപ്പോള്‍ വാങ്ങിയ "സിദ്ധലേപം" ഇടയ്ക്കിരുന്ന് പുരട്ടിയെങ്കിലും ഫലമൊന്നും സിദ്ധിച്ചില്ല. പേശികള്‍ പിണങ്ങി നിന്നു. മുന്നോട്ടു പോകും തോറും ഇടയ്ക്കിടെ ഇരിക്കേണ്ടിവന്നു. 15 മിനിറ്റ് നേരത്തെ ഇറക്കം, പിന്നെ 5 മിനിറ്റു തണല്‍ കാണുന്നിടത്ത് വിശ്രമം. ഒടുവിലായപ്പോള്‍, 5 മിനിറ്റ് നടത്തത്തിന് 5 മിനിറ്റ് വിശ്രമമെന്നായി. ആ നിലയ്ക്ക് തുടര്‍ന്ന മടക്കയാത്ര, താഴെ നല്ലതണ്ണിയില്‍ എത്തിയത് ഉച്ചകഴിഞ്ഞ് 12.30-ന് ആണ്. താഴേയ്ക്കിറങ്ങാനും ഞങ്ങള്‍ അഞ്ചര മണിക്കൂര്‍ തന്നെ എടുത്തു.താഴെ നിന്ന്, ഉച്ചവെയിലില്‍ തിളങ്ങുന്ന കൊടുമുടിയെ ഞങ്ങള്‍ ഒന്നുകൂടി നോക്കി. ഞങ്ങള്‍ അതില്‍ കയറി ഇറങ്ങിയതാണെന്ന് വിശ്വസിക്കാന്‍ മനസ്സ് മടിച്ചു. അത്രയ്ക്കായിരുന്നു അതിന്റെ തലയെടുപ്പ്.

കൊളൊംബോവിലേയ്ക്ക് മടങ്ങുമ്പോള്‍ ബസ്സിലിരുന്ന് ഞാന്‍ ഓര്‍ത്തു: എന്തിനാണ് ഞങ്ങള്‍ ആ മല കയറിയത്? ആരുടെ കാല്പാടിനെയാണ് ഞാന്‍ വലം വച്ചത്? അത് ആദാമിന്റേതാകാം, ഗൗതമന്റേതാകാം, ശ്രീപരമേശ്വരന്റേതോ തോമസ് അപ്പസ്തോലന്റേതോ ആകാം. അതിനെ ചുറ്റിപ്പറ്റിയുള്ള പുരാവൃത്തങ്ങള്‍ക്ക് രണ്ടു സഹസ്രാബ്ദങ്ങളുടെ പഴക്കമെങ്കിലുമുണ്ട്. പഴംകഥകളുടെ കെട്ടുപിണയലില്‍ നിന്ന് ഏതെങ്കിലുമൊരു മതത്തെ ഇഴപിരിച്ചെടുക്കാന്‍ പ്രയാസം. ഇവിടെ പുരാവൃത്തങ്ങളുടെ കെട്ടുപിണയല്‍ അസൗകര്യമല്ല, അനുഗ്രഹമാണ്. ഞാന്‍ വലം വച്ചത് മനുഷ്യസാഹോദര്യത്തിന്റെ കാല്പാടിനെയാണ് എന്നെനിക്കു തോന്നി.

ബുദ്ധ-ഹൈന്ദവ മതങ്ങളും സെമറ്റിക് മതങ്ങളും ഈ ദ്വീപിലെത്തുന്നതിനു മുന്‍പു തന്നെ ഇവിടെയുണ്ടായിരുന്ന ആദിവാസികള്‍ ശ്രീപാദത്തിന് ദൈവികത്വം കല്പിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. ഒരു പക്ഷേ ഈ തീര്‍ത്ഥാടനത്തിനു മനുഷ്യന്റെ വിഭാഗീയതകളേക്കാള്‍ തന്നെയും പഴക്കമുണ്ടാകാം. ആണ്ടിലൊരിക്കല്‍ ചിത്രശലഭങ്ങള്‍ കൂട്ടം ചേര്‍ന്ന് ശ്രീപാദദര്‍ശനത്തിനായി താഴെ നിന്ന് പറന്നു ചെല്ലാറുണ്ട് എന്നാണ് വിശ്വാസം. ഇന്ന് തീര്‍ത്ഥകര്‍ പിന്തുടരുന്നത്, സംസ്കൃതികളുടെ ജനനത്തിനും മുന്‍പ് ചിത്രശലഭങ്ങള്‍ കോറിയിട്ട വഴിയാകാം.

No comments:


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.