Wednesday, April 21, 2010

യേശുവും പൂച്ചയും

ഈ ഞായറാഴ്ച ഞാന്‍ പങ്കെടുത്ത(2010,മാര്‍ച്ച് 18) കുര്‍ബ്ബാനയിലെ ബൈബിള്‍ വായനകളില്‍ ഒന്ന് യോഹാന്നന്റെ സുവിശേഷം 21 -ആം അദ്ധ്യായത്തില്‍ നിന്നായിരുന്നു. തന്നെ സ്നേഹിക്കുന്നോ എന്ന് യേശു, ശിഷ്യന്‍ പത്രോസിനോട് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ചോദിക്കുന്നത് ആ വായനയുടെ ക്ലൈമാക്സ് ആണ്.


അതിനെക്കുറിച്ച് പ്രസംഗിച്ച പുരോഹിതന്‍, പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന "Agape" എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്ന നിസ്വാര്‍ത്ഥ സ്നേഹത്തിനു ഉദാഹരണമായി പറഞ്ഞത്, മനുഷ്യന് പൂച്ചയോടുള്ള സ്നേഹമാണ്. യജമാനനെ പട്ടി സ്നേഹിക്കുന്നു. പൂച്ചയെ സ്നേഹപൂര്‍വ്വം വളര്‍ത്തുന്ന ആള്‍ക്ക് പൂച്ചയില്‍ നിന്ന് സ്നേഹം തിരികെ കിട്ടുന്നില്ല. അതിനാല്‍ പൂച്ചയെ വളര്‍ത്തുന്ന ആളുടെ സ്നേഹം നിസ്വാര്‍ത്ഥമായ "Agape" ആണ് എന്നൊക്കെപ്പോയി പ്രസംഗം. ചുരുക്കം പറഞ്ഞാല്‍ മനുഷ്യര്‍ പൂച്ചയെ സ്നേഹിക്കുന്ന പോലെ മനുഷ്യരെ സ്നേഹിച്ചത് കൊണ്ടാണ് യേശു മനുഷ്യന് വേണ്ടി സ്വയം ബലിയര്‍പ്പിച്ചത്!


പള്ളിപ്രസംഗങ്ങളിലെ ഇത്തരം ചവറുകള്‍ എവിടന്നാണ് വരുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ബെനഡിക്റ്റ് 16-ആമന്‍ മാര്‍പ്പാപ്പയുടെ ആദ്യത്തെ ചാക്രിക ലേഖനത്തിന്റെ(encyclical) പേര് "ദൈവം സ്നേഹമാകുന്നു" (Deus Caritas Est) എന്നായിരുന്നു. അതില്‍ സ്നേഹത്തെ സൂചിപ്പിക്കാന്‍ ഗ്രീക്ക് ബൈബിളില്‍ ഉപയോഗിക്കുന്ന Eros, Agape, filia എന്നീ മൂന്നു വാക്കുകളെക്കുറിച്ച് പറഞ്ഞിട്ട്, പുതിയ നിയമത്തില്‍ കൂടുതലും കാണുന്നത് "agape" ആണെന്ന് മാര്‍പ്പാപ്പ പറയുന്നുണ്ട്. ബെനഡിക്റ്റ് മാര്‍പ്പാപ്പയ്ക്ക് പൂച്ചകളെ ഏറെ ഇഷ്ടമാണെന്ന്, ഡേവിഡ് ഗിബ്സന്‍ എഴുതിയ "Rule of Benedict" എന്ന ജീവചരിത്രത്തില്‍ ഞാന്‍ വായിച്ചിട്ടുമുണ്ട്. ആ വഴിക്കൊക്കെ ഉണ്ടായ പൂച്ച-അഗാപേ കണക്ഷന്‍ ആണോ എന്നറിയില്ല.

പള്ളിപ്രസംഗങ്ങളിലെ കഥയില്ലാക്കഥകളും 'ഫലിതങ്ങളും' മറ്റും ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചില സായിപ്പന്മാരുടെ ഞഞ്ഞാ-മിഞ്ഞാ "ഹോമിലി" സൈറ്റുകളില്‍-ല്‍ നിന്ന് അടിച്ചെടുക്കുന്നതാകാന്‍ വഴിയുണ്ട്. മഗലാപുരത്തു പഠിക്കുന്ന എന്റെ മകന്‍ പലപ്പോഴും ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് പകരം ശനിയാഴ്ചത്തെ Anticipatory Maas-ല്‍ ആണ് സംബന്ധിക്കാറ്. നാല് മാസം മുന്‍പ് ഒരു ശനിയാഴ്ച വൈകിട്ട് അവനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, അന്ന് പള്ളി പ്രസംഗത്തില്‍ കേട്ട ഒരു കഥ അവന്‍ പറഞ്ഞു. അടുത്ത ദിവസം ഡല്‍ഹിയില്‍ ഞാന്‍ പങ്കെടുത്ത കുര്‍ബ്ബാനയിലും ആ കഥ തന്നെ വിളമ്പിക്കിട്ടി.


താന്‍ ആരാണെന്നാണ്‌ അവര്‍ കരുതുന്നത് എന്ന് കേസറിയ ഫിലിപ്പിയില്‍ വച്ചു ശിഷ്യന്മാരോട് യേശു ചോദിക്കുന്നതും, യേശു ദൈവമാണെന്ന് പത്രോസ് ഏറ്റു പറയുന്നതും കേന്ദ്രീകരിച്ചുള്ള സുവിശേഷഭാഗത്തിന്റെ സന്ദര്‍ഭത്തില്‍ പറഞ്ഞ ആ കഥയില്‍, ഷെര്‍ലോക് ഹോംസും ഡോക്ടര്‍ വാട്സനും മറ്റും ആയിരുന്നു കഥാപാത്രങ്ങള്‍ എന്നോര്‍ക്കുന്നു.

2 comments:

simy nazareth said...

there are good and motivating orators as well.

here is a different take on catholic priests -> http://www.nytimes.com/2010/05/02/opinion/02kristof.html

simy nazareth said...

sorry, link didnt work..here's the correct one


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.