Tuesday, October 26, 2010

നുണയുടെ പവ്വത്തില്‍

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, ധാര്‍മ്മിക മേഖലകളില്‍ നുണയുടെ നീരാളിപ്പിടുത്തമാണിപ്പോള്‍. നേതൃസ്ഥാനങ്ങളുടെ അത്യുന്നതങ്ങളില്‍ പോലും നുണ ബലമാക്കിയവരാണ്. പണ്ടൊക്കെ പൊതുജീവിതത്തില്‍ കേട്ടിരുന്ന കള്ളങ്ങള്‍, ഇത്തിരി നേരു കലര്‍ന്ന അരനുണകളും മുക്കാല്‍ നുണകളും മറ്റും ആയിരുന്നു. ഇപ്പോള്‍ കേള്‍ക്കാന്‍ കിട്ടുന്നത് നേരിന്റെ മായം തീണ്ടാത്ത തനി നുണകളാണ്. ഈയിടെ കേരളത്തിലെ ഒരു യുവകത്തോലിക്കാ പുരോഹിതന്റെ ബ്ലോഗില്‍, കേരളസഭയുടെ പ്രതീകപുരുഷനായി എഴുന്നെള്ളിക്കപ്പെടുന്ന ജോസഫ് പവ്വത്തില്‍ മേത്രാപോലീത്താ എഴുതിയ ഒരു ലേഖനമാണ് എന്നെ ഈ ചിന്തകളിലേക്ക് നയിച്ചത്.

യൂറോപ്പിനെ നാത്സി ഭീകരത ഗ്രസിച്ചപ്പോള്‍, അവിടത്തെ ഏറ്റവും വലിയ സംഘടിത മതസ്ഥാപനമായ കത്തോലിക്കാ സഭ പ്രകടിപ്പിച്ച ഭീരുത്വവും അവസരവാദവും സഭാചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ ഒന്നാണ്. അതിനിടെ വ്യക്തിപരമായ ധാര്‍മ്മികതയും ധീരതയും കൊണ്ടു സുവിശേഷത്തിന്റെ മാനം കാത്ത ചുരുക്കം വ്യക്തികളില്‍ ഒരാളാണ് ഫ്രാന്‍സിസ്കന്‍ സന്യാസിയായ മാക്സ്മില്യന്‍ കോള്‍ബേ. 1941-ല്‍, നാത്സികളുടെ ഭരണത്തിലായിരുന്ന പോളണ്ടിലെ ഒഷ്വിറ്റ്സ് (Auschwitz) പീഡന കേന്ദ്രത്തില്‍ നാത്സി കൊലപാതകികളില്‍ നിന്ന് ഒരു സഹജീവിയെ രക്ഷിക്കാനായി ജീവന്‍ ബലികഴിച്ച അദ്ദേഹത്തെ കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിച്ചത് ജോണ് പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്ത് 1982 -ല്‍ മാത്രമാണ്.

മുകളില്‍ പറഞ്ഞ ലേഖനത്തില്‍ ഈ പുണ്യപുരുഷനെ പവ്വത്തില്‍ തിരുമേനി വിശേഷിപ്പിച്ചത്‌ "പോളണ്ടില്‍ കമ്യൂണിസ്റ്റ്‌ ഭരണം നടന്നിരുന്ന കാലത്ത്‌ മറ്റൊരു തടവുകാരനെ രക്ഷിക്കാന്‍ വേണ്ടി തന്നെ ഏല്‍പിച്ചുകൊടുത്ത മാക്സ്മില്യന്‍ കോള്‍ബെ" എന്നാണ്.

കൊള്‍ബെയെ പീഡിപ്പിച്ചതും കൊന്നതും ഏതോ കമ്മ്യൂണിസ്റ്റു ഭരണകൂടമാണെന്നല്ലേ ഇതു വായിക്കുന്ന ആര്‍ക്കും മനസ്സിലാവുക? ജര്‍മ്മന്‍ അധിനിവേശത്തിലിരുന്ന പോളണ്ടില്‍ നാത്സി രഹസ്യപ്പോലീസ് Gestapo പിടികൂടി, തെക്കന്‍ പോളണ്ടിലെ അവരുടെ ഏറ്റവും കുപ്രസിദ്ധമായ പീഡനകെന്ദ്രത്തില്‍ കൊലപ്പെടുത്തിയ മനുഷ്യനെക്കുറിച്ചാണ് ഇതു പറയുന്നത്.

അബദ്ധം പറ്റിയതാവും എന്നു കരുതി ഞാന്‍ ഈ തെറ്റ് ചൂണ്ടിക്കാണിച്ചു. കൊള്‍ബേയുടെ മരണം നടക്കുമ്പോള്‍, പോളണ്ടിന്റെ മറ്റുചില ഭാഗങ്ങള്‍ സോവിയറ്റ് നിയന്ത്രണത്തില്‍ ആയിരുന്നു എന്ന ന്യായം പറഞ്ഞു ഈ നുണയെ വിശദീകരിക്കാനുള്ള പരിഹാസ്യമായ ശ്രമമാണ് അപ്പോള്‍ കണ്ടത്. അച്യുതമേനോന്റെ കാലത്ത് വയറിളക്കം പിടിപെട്ടു മരിച്ച തന്റെ അപ്പൂപ്പനെക്കുറിച്ച്, അങ്ങേര്‍ അച്യുതമേനോന്‍ ഭരിക്കുമ്പോള്‍ മരിച്ചു എന്നു മാത്രം പറഞ്ഞാലുള്ള അത്ര കുഴപ്പമേ ഈ പ്രസ്താവനയിലും ഉള്ളു എന്നായിരുന്നു ഒരാളുടെ വാദം. അയാളുടെ അപ്പൂപ്പന് ശാന്തി നേര്‍ന്നതല്ലാതെ ആ 'ന്യായവാദ'-ത്തോട് ഞാന്‍ പ്രതികരിച്ചില്ല.

കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാനായി, ഈശ്വരവിശ്വാസ പരിരക്ഷയുടെ bogus ന്യായം പറഞ്ഞു കേരളത്തിലെ കത്തോലിക്കാസഭ കുറെക്കാലമായി നടത്തുന്ന രാഷ്ട്രീയക്കളി, സഭാനേതൃത്വത്തെ നൈതികതയും സത്യനിഷ്ടയും തീരെയെല്ലാത്ത ഒരു ഗൂഢസംഘത്തിന്റെ നിലയിലേക്ക് തരം താഴ്ത്തി എന്നു എനിക്ക് ഇതോടെ ഉറപ്പായി.

"കുരിശിന്റെ യോഹന്നാന്‍", "ഉണ്ണിയേശുവിന്റെ കൊച്ചുത്രേസ്യാ" എന്നൊക്കെ പറയില്ലേ; അതുപോലെ, "നുണയുടെ പവ്വത്തില്‍" എന്നും പറയാം.

1 comment:

ഷൈജൻ കാക്കര said...

"യൂറോപ്പിനെ നാത്സി ഭീകരത ഗ്രസിച്ചപ്പോള്‍, അവിടത്തെ ഏറ്റവും വലിയ സംഘടിത മതസ്ഥാപനമായ കത്തോലിക്കാ സഭ പ്രകടിപ്പിച്ച ഭീരുത്വവും അവസരവാദവും സഭാചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ ഒന്നാണ്."

കാക്കരയും യോജിക്കുന്നു...


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.