Thursday, October 28, 2010

പരദേശത്തേയ്ക്കുള്ള പരലോകവഴി

മലയാളികള്‍ വിദേശത്ത് എത്തിപ്പെടുന്നതും, പിടിച്ചു നില്‍ക്കുന്നതും പച്ചപിടിക്കുന്നതും പലവിധത്തിലാണ്. മിക്കവരുടെയും മാര്‍ഗ്ഗം എല്ലുമുറിയെ അദ്ധ്വാനവും കഷ്ടപ്പാടുമാണ്. കഷ്ടപ്പാടൊക്കെ കഴിഞ്ഞും കഞ്ഞികുടി പോലും തരമാവാത്തവരുമുണ്ട്. എന്നാല്‍ ദൈവം പ്രത്യേകം അനുഗ്രഹിച്ച ചില ഭാഗ്യവാന്മാരുമുണ്ട്. അത്തരത്തില്‍ ഒരാളുടെ കാര്യം ഇന്റര്‍നെറ്റില്‍ കണ്ടത് ഈയിടെയാണ്. ഒരു കത്തോലിക്കാ പുരോഹിതാണ് കക്ഷി. അമേരിക്കയില്‍ ഫ്ലോറിഡയില്‍ സെയിന്റ് അഗസ്റ്റിന്‍ എന്ന സ്ഥലത്തെ മാതാവിന്റെ പള്ളിയിലെ പുരോഹിതനായ ഫാദര്‍ ജോസ് മണിയങ്ങാട്ടാണ് ഈ അപൂര്‍വ ഭാഗ്യവാന്‍. ഇദ്ദേഹം പരദേശത്തെത്തിയത് പരലോകം വഴിയാണ്.

ഒരു വിധത്തില്‍ നോക്കിയാല്‍, "സാരേ ജഹാന്‍ സേ അഛാ ഹിന്ദുസ്ഥാനില്‍" നിന്ന് രക്ഷ പെടാന്‍ ഇത്ര പാടുപെട്ടവര്‍ വേറെ ഉണ്ടാവില്ല. കേരളത്തില്‍ നിന്ന് അമേരിക്കയിലെ ഫ്ലോറിഡയില്‍ എത്തിപ്പെടാന്‍ ഇദ്ദേഹത്തിന് നരക, ശുദ്ധീകരണ, സ്വര്‍ഗ്ഗ ലോകങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു.

കഥയനുസരിച്ച്, വടക്കന്‍ കേരളത്തിലെവിടെയോ കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഈ പുരോഹിതനു ലോട്ടറി അടിച്ചത് 1985 ഏപ്രില്‍ 14-നു, പുള്ളി ഓടിച്ചിരുന്ന സ്കൂട്ടര്‍ "ഒരു ഹിന്ദു ഉത്സവത്തില്‍ മദ്യപിച്ച" ഒരാളുടെ ട്രക്കുമായി കൂട്ടിയിടിച്ചതോടെ ആണ്. ബോധം നഷ്ടപ്പെട്ട ശരീരം വഴിയില്‍ കിടക്കുന്ന തക്കം നോക്കി കക്ഷിയുടെ ആത്മാവും കാവല്‍ മാലാഖയും ശരീരത്തിനു പുറത്തു ചാടി. കാവല്‍ മാലാഖ മുഖവുരയോന്നും കൂടാതെ മണിയങ്ങാടന്റെ ആത്മാവിനോട് ഇങ്ങനെ പറഞ്ഞു: "ഞാന്‍ നിന്നെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ പോകുന്നു. കര്‍ത്താവ് നിന്നെ കാണാനും നിന്നോട് സംസാരിക്കാനും ആഗ്രഹിക്കുന്നു".

നരകവും ശുദ്ധീകരണ സ്ഥലവും കടന്നാണ് അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയത്. നരകത്തിലെ ടെമ്പറേച്ചര്‍ 2000 ഡിഗ്രി ഫാരന്‍ഹൈറ്റിനു അടുത്താണത്രേ. (നരകത്തില്‍ അമേരിക്കന്‍ അളവു യൂനിറ്റുകളാണെന്നത് ശ്രദ്ധിക്കുക.) ഭ്രൂണഹത്യയും , സ്വവര്‍ഗ്ഗഭോഗവും, ദയാവധവും, പകയും, വെറുപ്പും, ദൈവനിന്ദയും ഒക്കെയാണ് അവിടെ ശിക്ഷയനുഭവിക്കുന്നവര്‍ ചെയ്തിട്ടുള്ള പാപങ്ങള്‍. പല അച്ചന്മാരെയും, കന്യാസ്ത്രികളെയും മെത്രാന്മാരെയും താന്‍ നരകത്തില്‍ കണ്ടെന്നും മണിയങ്ങാടന്‍ നമ്മെ അറിയിക്കുന്നു. പിന്നെ മണിയങ്ങാടന്റെ ആത്മാവും കാവല്‍ മാലാഖയും ശുദ്ധീകരണ സ്ഥലത്തെത്തി. അവിടെ ടെമ്പറേച്ചര്‍ നരകത്തിലെ അത്ര വരില്ല എന്നല്ലാതെ കൃത്യമായി മണിയങ്ങാടന്‍ പറയുന്നില്ല.

ശുദ്ധീകരണസ്ഥലത്തു നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ഒരു തുരങ്കമാണ്. തുരംഗം കടന്നു സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ അവിടെ ആകെ പാട്ടും ബഹളവും ആയി കുശാലേ കുശാല്‍. യേശു ആള്‍ സുന്ദരക്കുട്ടപ്പന്‍ ആണെന്നും, സാധാരണ കാണാറുള്ള ഒരു ചിത്രവും ആ സൌന്ദര്യത്തെ പ്രകടിപ്പിക്കാന്‍ മതിയാവില്ലെന്നും നേരില്‍ കണ്ട അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധമാതാവും പരമ സുന്ദരി തന്നെ. ഏതായാലും ഈ സൌന്ദര്യമൊന്നും ഏറെ നേരം കണ്ടുനില്‍ക്കാന്‍ കക്ഷിക്കു കഴിഞ്ഞില്ല. ആളെ കണ്ട പാടെ കര്‍ത്താവ്‌ അപകടം മണത്തെന്നു തോന്നുന്നു. ഉടന്‍ ഭൂമിയിലേക്ക്‌ തിരികെ പോയി 'വിദേശത്ത്' പ്രവര്‍ത്തിയ്ക്കാന്‍ കല്പന കൊടുത്തത് അതുകൊണ്ടാവുമല്ലോ! ഭൂമിയിലെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ട ഒത്താശകള്‍ ചെയ്യുന്ന കാര്യം മാതാവും സമ്മതിച്ചു.

അതോടെ, ആശുപത്രിയിലെ ശവമുറിയിലേക്കുള്ള വഴിയില്‍ മണിയങ്ങാടന്റെ ശരീരം അനങ്ങാന്‍ തുടങ്ങി. അധികം വൈകാതെ കക്ഷി പരിക്കുകളില്‍ നിന്നൊക്കെ അത്ഭുതകരമായി സുഖം പ്രാപിച്ചു. ചികിത്സിച്ചിരുന്ന ഹിന്ദു ഡോക്ടര്‍ ‍പോലും സംഗതി അംഗീകരിക്കുകയും മതം മാറി ക്രിസ്ത്യാനി ആവുകയും ചെയ്തു. മണിയങ്ങാടനാകട്ടെ താമസിയാതെ കാവല്‍ മാലാഖയുടെ ഒരു സന്ദേശം കിട്ടി. അത് പിന്തുടര്‍ന്ന അദ്ദേഹം, അപകടം പറ്റി ഒരു വര്‍ഷത്തിനകം അമേരിക്കയില്‍ എത്തുന്നതോടെ കഥ ശുഭപര്യവസായി ആകുന്നു.

And they, (അതായത് മണിയങ്ങാടനും കാവല്‍ മാലാഖയും), lived happily ever after എന്ന് പറയേണ്ടതിലല്ലോ.

ഫ്ലോറിഡയിലും മറ്റിടങ്ങളിലും താന്‍ നടത്താറുള്ള പ്രാര്‍ഥനാ ശുശ്രൂഷകളില്‍ അത്ഭുതങ്ങളുടെ പുഷ്പവൃഷ്ടി ആണെന്നും "പരലോകം കണ്ട മണിയങ്ങാടന്‍" നമ്മോടു പറയുന്നു‍!!

ഉള്ളതു പറയണമല്ലോ: ഒരു തട്ടിപ്പ് കഥ ഉണ്ടാക്കിയെങ്കിലും ഏറെ കൃത്രിമം ഒന്നും അറിയാവുന്നവനല്ല ഈ പുരോഹിതന്‍. അത്രയ്ക്ക് സില്ലി ആണ് കഥ. ഇറ്റാലിയന്‍ കവി ദാന്തേയുടെ "ഡിവൈന്‍ കോമഡി" വായിച്ചിട്ട് മണിയങ്ങാടന്‍ ഉണ്ടാക്കിയതാണ് ഈ കഥ എന്നൊന്നും ആരും പറയില്ല. ഇത് അദ്ദേഹത്തിന്റെ സ്വന്തമാണ്. ലോകത്തില്‍ എക്കാലത്തും തട്ടിപ്പുകള്‍ നടക്കും എന്നു തെളിയിക്കുന്നതിനോപ്പം തട്ടിപ്പ് നടത്താന്‍ ഏറെ ബുദ്ധിയൊന്നും വേണ്ട എന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

ഈ തട്ടിപ്പു കഥ, ഇങ്ങേരുടെ ഫ്ലോറിഡയിലെ പള്ളിയുടെ വെബ്‌ സൈറ്റില്‍ വായിക്കാം. ഒരു disclaimer ചേര്‍ത്താണ് പള്ളിക്കാര്‍ ഇത് കൊടുത്തിരിക്കുന്നത്‌. സംഗതി ഇവിടെ കിട്ടും.

4 comments:

tharam said...

church link not accessible

Georgekutty said...

Now the link can be accessed. Thanks.

വെറും കത്തോലിക്കന്‍ said...

This is not a comment for your blog, please read this :
http://katholikkan.blogspot.com/

Vssun said...

ലൈക്ക്


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.