Saturday, December 4, 2010

തിരുശേഷിപ്പുകള്‍

കേരളത്തിലെ മാപ്രാണം പള്ളിയില്‍ നിന്നും യേശുവിനെ തറച്ച കുരിശിന്റെയും, യേശുവിന്റെ തിരുമുഖം തുടച്ച വെറോനിക്കയുടെ തൂവാലയുടെയും യേശുവിന്റെ ഹൃദയ രക്തത്തിന്റെയും തിരുശേഷിപ്പുകള്‍ മോഷണം പോയത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ. വ്യാജമെന്ന് നൂറ്റിയൊന്നു ശതമാനം ഉറപ്പു പറയാവുന്ന ആ വസ്തുക്കളുടെ തിരോധാനം സൃഷ്ടിച്ച കോലാഹലം, കേരളത്തിലെ കത്തോലിക്കാ ധാര്‍മ്മികതയുടെ അപക്വസ്വഭാവത്തിന്റെ വിളംബരമാണ്.

യേശുവിനെ തറച്ച കുരിശിന്റെ തിരുശേഷിപ്പുകള്‍ ഒരു കപ്പല്‍ പണിയാന്‍ മാത്രമുണ്ടെന്നു പറഞ്ഞത് നവോദ്ധാനകാലത്തെ ചിന്തകന്‍ ഇറാസ്മസ് ആണ്. ഇന്നത്തെ കേരളത്തില്‍ അത്തരം തമാശകള്‍ അനുവദിക്കപ്പെടുമോ എന്നറിയില്ല. എന്നാലും തിരുശേഷിപ്പ് മോഷണ വാര്‍ത്ത വായിച്ചപ്പോള്‍ ഇറ്റാലിയന്‍ നോവലിസ്റ്റ് ഉമ്പര്‍ട്ടോ എക്കോയുടെ റോസിന്റെ പേര് (Name of the Rose) എന്ന നോവലിലെ ഒരു ഭാഗം എനിക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇറ്റലിയില്‍ ഒരു ബെനടിക്ടന്‍ ആശ്രമത്തില്‍ പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടക്കുന്നതാണ് ആ നോവലിലെ കഥ. അതിലോരിടത്ത് ഉമ്പര്‍ട്ടോ എക്കോ, ആ ആശ്രമത്തിലെ തിരുശേഷിപ്പ് ശേഖരത്തിന്റെ ഒരു വിവരണം തരുന്നുണ്ട്: അവിടെയുണ്ടായിരുന്ന തിരുശേഷിപ്പുകളില്‍ ചിലത് ഇതൊക്കെയാണ്:

*യേശുവിനെ തറച്ച കുരിശിന്റെ ഒരു കഷണം#;
*കുരിശില്‍ കിടക്കെ യേശുവിന്റെ തിരുമാറു കുത്തിപ്പിളര്‍ന്ന കുന്തത്തിന്റെ മുന#;
*തറച്ച ആണികളില്‍ ഒന്ന്;
*യേശുവിന്റെ ശിരസില്‍ വച്ച മുള്‍മുടിയുടെ ഒരു ഭാഗം;
*അവസാനത്തെ അത്താഴത്തില്‍ ഉപയോഗിച്ച മേശവിരിപ്പിന്റെ ഒരു കീറ്;
*ചുങ്കക്കാരനായിരുന്ന(Tax collector)യേശുശിഷ്യന്‍ മത്തായിയുടെ പണസഞ്ചി;
*യേശു പിറന്നു വീണ പുല്‍ക്കൂടിന്റെ ഒരു ഭാഗം;
*കാരാഗൃഹത്തില്‍ പത്രോസ് ശ്ലീഹായെ ബന്ധിച്ചിരുന്ന ചങ്ങലയുടെ രണ്ടു കണ്ണികള്‍;
*വിശുദ്ധ യൌസേപ്പിന്റെ engagement ring;
*വിശുദ്ധമാതാവിന്റെ വിവാഹവസ്ത്രത്തിന്റെ ഒരു ഭാഗം;
*വിശുദ്ധ സോഫിയായുടെ ഒരു വാരിയെല്ല്;
*വിശുദ്ധ യോഹന്നാന്‍ ക്രിസോസ്തമിന്റെ തോളെല്ല്;
*ജോണ് ബാപ്റ്റിസ്റ്റിന്റെ ഒരു പല്ല്;
*മോശയുടെ വടി;
*ദൈവം തീയിറക്കി നശിപ്പിച്ച സോദോം നഗരത്തിന്റെ കത്തിക്കരിഞ്ഞ ഒരു ഭാഗം;
*ഇസ്രായേല്‍ക്കാര്‍ കീഴടക്കിയ ജെറീക്കോ നഗരത്തിന്റെ അവശിഷ്ടമായ ഒരു കുമ്മായക്കട്ട.

(#ഈ രണ്ടു സാധനങ്ങളും മാപ്രാണം പള്ളിയിലും ഉണ്ടായിരുന്നു!)

ബള്‍ഗേറിയയിലെ ഒരു പഴയ സന്യാസാശ്രമത്തിനടിയില്‍ ഈയിടെ യോഹന്നാന്‍ മാംദാനയുടെ (ജോണ്‍ ദി ബാപ്ടിസ്റ്റ്) തലയോടും മറ്റു ചില ശരീര ഭാഗങ്ങളും കണ്ടുകിട്ടിയതായി വാര്‍ത്തയുണ്ടായിരുന്നു. അതിനെക്കുറിച്ച് അമേരിക്കയിടെ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം. ബള്‍ഗേറിയയുടെ നിരീശ്വര വാദിയായ ധനമന്ത്രി ഈ കണ്ടെത്തലിനെക്കുറിച്ച് പറഞ്ഞത് അത് ടൂറിസ്റ്റ് വരവിനെ സഹായിക്കുമെന്നതിനാല്‍ ബള്‍ഗേറിയന്‍ Economy -ക്ക് ഗുണം ചെയ്യും എന്നാണത്രേ!

3 comments:

tharam said...

A true story. Year 1999 or so. In a house near Ranni in Kerala, blood was found flowing from a calendar of Christ!!! It didn't take even a week to this news to spread like wild fire. The roads to the house and public roads were so blocked that it required so many police to handle the situation. Traffic came to a stand still. Taking so chances and grabbing the opportunity the parish priest took the "wonder" to the church to be placed there for ever accompanied by a huge procession. In parallel police was questioning suspects near by. And it was soon revealed by 2 neighbouring youngsters that they did it for a fun by sprinkling blood on a killed chicken in the calendar!!!Just for fun!!! With the spread of the new news the crowd started declining.

Vssun said...

like

Rajeeve Chelanat said...

എല്ലാ മതങ്ങള്‍ക്കുമുണ്ട് ഇത്തരം തിരുശേഷിപ്പുകള്‍. ശ്രീരാമനെ പെറ്റിട്ട സ്ഥലം ഹിന്ദുക്കള്‍ക്ക്‌, മുഹമ്മദിന്റെ രോമം മുസ്ലിമുകള്‍ക്ക്, ക്രിസ്തുവിനെ തറച്ച കുരിശ്‌ ക്രിസ്ത്യാനികള്‍ക്ക്.

പുതിയ കാലത്തിന്‍റെ തിരുശേഷിപ്പുകള്‍.

അഭിവാദ്യങ്ങളോടെ


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.